ബംഗാളിനെതിരെ ആവേശ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ കേരളം 109 റണ്‍സിന്‍റെ ജയം സ്വന്തമാക്കി
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പന്തെറിഞ്ഞ് കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ബംഗാളിന്‍റെ രണ്ടാം ഇന്നിംഗ്സിലാണ് സഞ്ജു പന്തെടുത്തത്. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി സഞ്ജു ബാറ്റിംഗിന് ഇറങ്ങാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. സഞ്ജു സാംസണ് പരിക്കാണ് എന്ന് ഇതോടെ അഭ്യൂഹങ്ങള്‍ ഉയർന്നു. എന്നാല്‍ സഞ്ജു അവസാന ദിനം താരം ഒരു ഓവർ പന്തെറിഞ്ഞത് ആരാധകർക്ക് സന്തോഷമായി. ഒരോവറില്‍ 11 റണ്‍സാണ് സഞ്ജു സാംസണ്‍ വിട്ടുകൊടുത്തത്.
ബംഗാളിനെതിരെ ആവേശ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ കേരളം 109 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ 449 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്‍ അവസാന ദിനം അവസാന സെഷനില്‍ 339 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. സ്കോര്‍: കേരളം- 363, 265-6, ബംഗാള്‍- 180, 339. ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്പിന്നർ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റും നേടി കേരളത്തിന്‍റെ വിജയത്തില്‍ നിർണായകമായി. ബാറ്റ് കൊണ്ട് 77 റണ്‍സും ഓൾറൗണ്ടറായ സക്സേന ടീമിന് സംഭാവ ചെയ്തു. സീസണില്‍ കേരളത്തിന്‍റെ ആദ്യ ജയമാണിത്.
ബാറ്റർ എന്ന നിലയില്‍ സഞ്ജു സാംസണിന് ഒട്ടും മികച്ച രഞ്ജി ട്രോഫി സീസണ്‍ അല്ല ഇത്. രഞ്ജി സീസണിലെ നാല് മത്സരങ്ങളിലെ ആറ് ഇന്നിംഗ്സുകളില്‍ 177 റണ്‍സേ സഞ്ജുവിനുള്ളൂ. ബംഗാളിനെതിരെ ആദ്യ ഇന്നിംഗ്സില്‍17 പന്തില്‍ 8 റണ്‍സ് മാത്രമെടുത്ത് പുറത്തായതിന് പിന്നാലെ സഞ്ജു രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന് ഇറങ്ങിയില്ല. എട്ട് ബാറ്റർമാർ പിച്ചിലെത്തിയിട്ടും സഞ്ജു ബാറ്റിംഗിനെത്തിയില്ല. ബാറ്റിംഗ് ഫോം കണ്ടെത്താനാവാത്തതില്‍ താരത്തിനെതിരെ വിമർശനം ശക്തമാണ്.
Read more: ആവേശപ്പോരിനൊടുവില്‍ ബംഗാള്‍ പൊരുതി വീണു, രഞ്ജിയില്‍ സീസണിലെ ആദ്യ ജയവുമായി കേരളം
