287 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ബംഗാളിനെ ഫോളോ ഓണ്‍ ചെയ്യിച്ച് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന് വിട്ടു.
തിരുവവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 351 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വെറും 64 റണ്‍സിന് ഓള്‍ ഔട്ടായി ബിഹാര്‍ ഫോളോ ഓണ്‍ വഴങ്ങി. 287 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ബംഗാളിനെ ഫോളോ ഓണ്‍ ചെയ്യിച്ച് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിന് വിട്ടു. രണ്ടാം ഇന്നിംഗ്സിലും ബിഹാര്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബിഹാര്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ്. സക്കീബുള്‍ ഗാനി(13), ബിപിന്‍ സൗരഭ്(2) എന്നിവരാണ് ക്രീസില്‍. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ബിഹാറിന് ഇനിയും 231 റണ്‍സ് കൂടി വേണം.
ഓപ്പണര്‍ മംഗള്‍ മഹ്റോർ(5), ശ്രമണ്‍ നിഗ്‌രോധ്(15), ആയുഷ് ആയുഷ് ലോഹാറുക(9) എന്നിവരുടെ വിക്കറ്റകളാണ് രണ്ടാം ഇന്നിംഗ്സില്‍ ബിഹാറിന് നഷ്ടമായത്. കേരളത്തിനായി എം ഡി നിധീഷും വൈശാഖ് ചന്ദ്രനും ജലജ് സക്സേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ബിഹാര്‍ 64 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 40-1 എന്ന ഭേദപ്പെട്ട സ്കോറില്‍ നിന്നാണ് ബിഹാര്‍ 24 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 64 റണ്‍സിന് ഓള്‍ ഔട്ടായത്.
21 റണ്‍സെടുത്ത ശ്രമണ്‍ നിഗ്‌രോധ് ആണ് ബിഹാറിന്‍റെ ടോപ് സ്കോറര്‍. ശ്രമണിന് പുറമെ ആയുഷ് ലോഹാറുക(13), ഗുലാം റബ്ബാനി(10) എന്നിവര്‍ മാത്രമാണ് ബിഹാര്‍ നിരയില്‍ രണ്ടക്കം കടന്നത്. കേരളത്തിനായി ജലജ് സക്സേന 19 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ എം ഡി നിധീഷ് രണ്ടും വൈശാഖ് ചന്ദ്രനും ആദിത്യ സര്‍വാതെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിനായി സല്‍മാന്‍ നിസാര്‍ 150 റണ്‍സടിച്ച് പുറത്തായപ്പോള്‍ അഞ്ച് റണ്‍സുമായി വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു. ആദ്യ ദിനം 111 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് കേരളത്തെ 350 കടത്തി.
