13 വര്‍ഷത്തിനു ശേഷമുള്ള വിരാട് കോലിയുടെ രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവില്‍ കോലിയെ പുറത്താക്കി റെയില്‍വേ പേസറായ ഹിമാന്‍ഷു സംഗ്‌വാന്‍.
ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് 13 വര്‍ഷത്തിനുശേഷമുള്ള വിരാട് കോലിയുടെ തിരിച്ചുവരവ് ആഘോഷിക്കാനിരുന്ന ആരാധകരെ നിരാശരാക്കിയത് ഹിമാന്‍ഷു സംഗ്‌വാനെന്ന റെയില്‍വേ പേസറായിരുന്നു. റെയില്‍വേസിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്കായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ വിരാട് കോലിയുടെ കുറ്റി പറത്തിയാണ് ഹിമാൻഷു ഒറ്റ ദിവസം കൊണ്ട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന താരമായത്.
ഓഫ് സ്റ്റംപിന് പുറത്ത് സ്ഥിരമായി ക്യാച്ച് നല്‍കി പുറത്താകുന്ന വിരാട് കോലിയെ ഇന്‍സ്വിംഗറുകളിലൂടെയാണ് റെയില്‍വെ ബൗളര്‍മാര്‍ ക്രീസിലേക്ക് വരവേറ്റത്. സിംഗിളെടുത്ത് അക്കൗണ്ട് തുറന്ന കോലിക്കായി ആയിരങ്ങളാണ് ആര്‍പ്പുവിളികളുമായി സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഹിമാന്‍ഷുവിനെ സ്ട്രൈറ്റ് ഡ്രൈവിലൂടെ കോലി ബൗണ്ടറി കടത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ ഹിമാന്‍ഷുവിന്‍റെ പ്രതികാരം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. തൊട്ടടുത്ത പന്തില്‍ മനോഹരമായൊരു ഇന്‍സ്വിംഗറില്‍ ഫ്രണ്ട് ഫൂട്ടില്‍ ഡ്രൈവിന് ശ്രമിച്ച കോലിയുടെ ഓഫ് സ്റ്റംപ് ഹിമാന്‍ഷു കാറ്റില്‍ പറത്തിയപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമായി. കോലിയുടെ വിക്കറ്റ് ഹിമാന്‍ഷു ആഷോഷമാക്കുകയും ചെയ്തു.
വിരാട് കോലിക്ക് രഞ്ജി ട്രോഫിയിലും രക്ഷയില്ല, പൂജാരക്കും രഹാനെയ്ക്കും സെഞ്ചുറി നഷ്ടം; ജഡേജക്കും നിരാശ
ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് കളക്ടറില്‍ നിന്നാണ് ഹിമാന്‍ഷു ക്രിക്കറ്റിന്‍റെ പിച്ചിലേക്ക് ട്രാക്ക് മാറിയത്. വീരേന്ദര്‍ സെവാഗിന്‍റെ നാടായ ഡൽഹിയിലെ നജഫ്ഗഡില്‍ ജനിച്ച ഹിമാന്‍ഷു 2019ലാണ് റെയില്‍വേസിനായി വിജയ് ഹസാരെ ട്രോഫിയില്‍ അരങ്ങേറിയത്. അതേവര്‍ഷം തന്നെ സയ്യിദ് മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും ഹിമാന്‍ഷു റെയില്‍വെക്കായി കളിച്ചു. എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്ലെന്‍ മക്‌ഗ്രാത്തിന്‍റെ ശിക്ഷണത്തിലാണ് ഹിമാന്‍ഷു റെയില്‍വെയുടെ പേസ് ബൗളറായി വളര്‍ന്നത്.
ഈ വര്‍ഷം മുംബൈക്കെതിരെ വാംഖഡെ സ്റ്റേഡിയത്തില്‍ അജിങ്ക്യാ രഹാനെയുടെയും പൃഥ്വി ഷായുടെതുമടക്കം ആറ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും അന്നൊന്നും കിട്ടാത്ത പ്രശസ്തിയാണ് ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോലിയുടെ വിക്കറ്റ് എറിഞ്ഞിട്ട ഒറ്റ പന്തിലൂടെ 29കാരനായ ഹിമാന്‍ഷുവിന് കിട്ടിയത്. കോലിക്ക് മുമ്പ് ഡല്‍ഹിയുടെ ഓപ്പണര്‍ സനത് സംഗ്‌വാനെയും ഹിമാന്‍ഷു പുറത്താക്കിയിരുന്നു. അണ്ടര്‍ 19 തലത്തില്‍ 2014-2015ല്‍ ഡല്‍ഹിക്കായി റിഷഭ് പന്തിനൊപ്പവും ഹിമാൻഷു കളിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി ടീമില്‍ പിന്നീട് അഴസരം കിട്ടാതിരുന്നതോടെ തൊട്ടടുത്ത വര്‍ഷം ഹരിയാനയിലേക്ക് ഹിമാന്‍ഷു മാറി.
