Asianet News MalayalamAsianet News Malayalam

സഞ്ജുവിന്റെ പോരാട്ടം പാഴായി; ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി

മൂന്ന് കളികളില്‍ മൂന്ന് പോയന്റ് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ കേരളത്തിന്റെ സമ്പാദ്യം

Ranji Trophy Gujarat beat Kerala by 70 runs
Author
Surat, First Published Dec 27, 2019, 1:50 PM IST

സൂററ്റ്:  രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ 90 റണ്‍സ് തോല്‍വി. 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 177 റണ്‍സിന് പുറത്തായി. 78 റണ്‍സ് നേടിയ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനോടും തോറ്റ കേരളത്തിന് ഗുജറാത്തിനെതിരായ തോല്‍വി കനത്ത തിരിച്ചടിയായി. മൂന്ന് കളികളില്‍ മൂന്ന് പോയന്റ് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ കേരളത്തിന്റെ സമ്പാദ്യം. സ്കോര്‍ ഗുജറാത്ത് 127, 210, കേരളം 70, 177.

മൂന്നാം ദിനം തുടക്കത്തിലെ കേരളത്തിന് ഓപ്പണര്‍ വിഷ്ണു വിനോദിനെ(23) നഷ്ടമായി. മോനിഷിനെ(7)യും ജലജ് സക്സേനയെയും(29) മടക്കി ഗജ കേരളത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. തൊട്ടുപിന്നാലെ റോബിന്‍ ഉത്തപ്പെയെ(7) വീഴ്ത്തി അക്സര്‍ പട്ടേല്‍ കേരളത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം ആക്രമിച്ചു കളിച്ച സഞ്ജു കേരളത്തെ 100 കടത്തി.

എന്നാല്‍ കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് കനത്തി തിരിച്ചടി നല്‍കി സ്കോര്‍ ബോര്‍ഡില്‍ 129 റണ്‍സെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ മടക്കി കലാരിയ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി. ഒരറ്റത്ത് സഞ്ജു ഉറച്ചു നിന്നതോടെ കേരളം പ്രതീക്ഷവെച്ചെങ്കിലും അക്സര്‍ പട്ടേലിന്റെ പന്തില്‍ സഞ്ജു വീണതോടെ കേരളം തോല്‍വി സമ്മതിച്ചു. ഗുജറാത്തിനായി അക്സര്‍ പട്ടേല്‍ നാലും ഗജ മൂന്നും വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനായി നിര്‍ണായക അര്‍ധസെഞ്ചുറി നേടിയ ഗജയാണ് കളിയിലേ കേമന്‍.

രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെ 210 റണ്‍സിന് പുറത്താക്കിയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ ഇന്നിംഗ്സില്‍  70 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ ഗുജറാത്ത് 57 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെ എറിഞ്ഞിട്ടത്.

Follow Us:
Download App:
  • android
  • ios