അഹമദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. 268 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സുമായി വിഷ്ണു വിനോദും മൂന്ന് റണ്ണോടെ ജലജ് സക്സേനയുമാണ് ക്രീസില്‍. രണ്ട് ദിവസവും 10 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് കേരളത്തിന് 242 റണ്‍സ് കൂടി വേണം.

രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെ 210 റണ്‍സിന് പുറത്താക്കിയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ ഇന്നിംഗ്സില്‍  70 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ ഗുജറാത്ത് 57 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെ എറിഞ്ഞിട്ടത്.

53 റണ്‍സ് നേടിയ ജുനേജയാണ് രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിന്റെ ടോപ് സ്കോറര്‍. വാലറ്റത്ത് 50 റണ്‍സുമായി പുറത്താകാതെ നിന്ന ചിന്തന്‍ ഗജയുടെ പ്രകടനവും ഗുജറാത്ത് ഇന്നിംഗ്സില്‍ നിര്‍ണായകമായി. കഥന്‍ പട്ടേല്‍(34), മെറായ്(21) എന്നിവരും ഗുജറാത്ത് സ്കോര്‍ ബോര്‍ഡിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി.

അവസാന വിക്കറ്റില്‍ ദേശായിയെ മറുവശത്ത് നിര്‍ത്തിയാണ് ഗജ അടിച്ചു തകര്‍ത്തത്. 13 പന്ത് നേരിട്ട ദേശായി റണ്‍സൊന്നും നേടിയില്ല. ഇതിനിടെ 47 പന്തില്‍ ഗജ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ബാറ്റിംഗ് ദുഷ്കരമായി പിച്ചില്‍ ഗജയുടെ വെടിക്കെട്ട് ബാറ്റിംഗ് കേരളത്തിന്റെ വിജയസാധ്യതകളെ തകിടം മറിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.