രണ്ട് പന്ത് നേരിട്ട രാഹുല്‍ പൂജ്യനായി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ കരുണ്‍ നായരും(6) നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സില്‍ 26 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തി കെ എല്‍ രാഹുല്‍. രഞ്ജി സെമിയില്‍ ബംഗാളിനെതിരെ 352 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കര്‍ണാടക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാാണ്. 50 റണ്‍സോടെ മലയാളി താരം ദേവദത്ത് പടിക്കലും 11 റണ്‍സുമായി മനീഷ് പാണ്ഡെയും ക്രീസില്‍.

രണ്ട് പന്ത് നേരിട്ട രാഹുല്‍ പൂജ്യനായി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ കരുണ്‍ നായരും(6) നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സില്‍ 26 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 312 റണ്‍സിന് മറുപടിയായി കര്‍ണാടക ഒന്നാം ഇന്നിംഗ്സില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ബംഗാളിനെ 161 റണ്‍സിന് പുറത്താക്കി കര്‍ണാടക വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും മുന്‍നിര ബാറ്റ്സ്മാന്‍മാരായ രാഹുലും കരുണ്‍ നായരും മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയാണ്.അര്‍ധസെഞ്ചുറിയുമായി പൊരുതുന്ന ദേവദത്ത് പടിക്കലിലും ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയിലുമാണ് കര്‍ണാടകയുടെ ഫൈനല്‍ പ്രതീക്ഷകള്‍.

Scroll to load tweet…

രണ്ടാം സെമിയില്‍ ഗുജറാത്തിനെതിരെ സൗരാഷ്ട്ര ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 304 റണ്‍സിന് മറുപടിയായി ഗുജറാത്ത് 252 റണ്‍സടുത്തു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ 118 റണ്‍സ് ലീഡ് മാത്രമാണ് സൗരാഷ്ട്രക്കുള്ളത്.