ബംഗലൂരു: രഞ്ജി ട്രോഫിയിലെ ആവേശപ്പോരട്ടത്തില്‍ തമിഴ്നാടിനെതിരെ കര്‍ണാടകയ്ക്ക് ഉജ്ജ്വല വിജയം.എട്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമിന്റെ ബൗളിംഗ് മികവിലാണ് കര്‍ണാടക അവസാന ഓവറില്‍ തമിഴ്‌നാടിനെ വീഴ്ത്തി വിജയം പിടിച്ചെടുത്തത്. സ്കോര്‍ കര്‍ണാടക 336, 151, തമിഴ്നാട് 307, 154.

ഈവര്‍ഷം മുഷ്താഖ് അലിയിലും വിജയ് ഹസാരെ ട്രോഫിയിലും കര്‍ണാടകയ്ക്ക് മുന്നില്‍ തമിഴ്നാട് അടിയറവ് പറഞ്ഞിരുന്നു. നാലാം ദിനത്തിലെ അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ തമിഴ്നാടിന് ജയത്തിലേക്ക് 27 റണ്‍സ് വേണമായിരുന്നു. ആ ഓവര്‍ പിടിച്ചു നിന്നാല്‍ സമനില നേടാമായിരുന്ന തമിഴ്നാടിന്റെ അവസാന ബാറ്റ്സ്മാനായ കെ വിഗ്നേഷിനെ വീഴ്ത്തി ഗൗതം തന്നെയാണ് കര്‍ണാടകയ്ക്ക് അവിസ്മരണീയ വിജയമൊരുക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഗൗതം രണ്ടാം ഇന്നിംഗ്സില്‍ എട്ടു വിക്കറ്റ് വീഴ്ത്തി.

181 റണ്‍സായിരുന്നു തമിഴ്നാടിന് രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ഒമ്പതോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സിലെത്തിയ തമിഴ്നാട് അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഗൗതം പന്തെറിയാനെത്തിയതോടെ കളി കര്‍ണാടകയുടെ വരുതിയിലായി. മുരളി വിജയ് റണ്ണൗട്ടായതോടെയാണ് തമിഴ്നാടിന്റെ തകര്‍ച്ച തുടങ്ങിയത്. 23 റണ്‍സുമായി മുരുഗന്‍ അശ്വിന്‍ പുറത്താകാതെ നിന്നെങ്കിലും മറ്റാര്‍ക്കും ഗൗതമിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.