തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ വിജയം ലക്ഷ്യമിട്ട് അവസാന ദിവസം ഗ്രൗണ്ടിലിറങ്ങിയ കേരളത്തെ ഡല്‍ഹി തടുത്തിട്ടു. ഓപ്പണര്‍ കുനാല്‍ ചന്ദേലയുടെയും നിതീഷ് റാണയുടെയും സെഞ്ചുറികളുടെ മികവില്‍ അവസാന ദിവസം ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 395 റണ്‍സെടുത്തു.

ഇന്നിംഗ്സ് പരാജയം മുഖാമുഖം കണ്ടിറങ്ങിയ ഡല്‍ഹി കേരളത്തെ പ്രതിരോധിച്ച് നിന്നതോടെ ജയത്തോടെ സീസണ് തുടക്കമിടാമെന്ന കേരളത്തിന്റെ സ്വപ്നം പൊലിഞ്ഞു. സമനിലയായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ കേരളം മൂന്ന് പോയന്റ് സ്വന്തമാക്കിയപ്പോള്‍ ഡല്‍ഹി ഒരു പോയന്റ് നേടി. സ്കോര്‍ കേരളം 525/9, ഡല്‍ഹി 142, 395/4.

അവസാന ദിവസം ജലജ് സക്സേനയുടെ സ്പിന്‍ മികവിലായിരുന്നു കേരളത്തിന്റെ വിജയ പ്രതീക്ഷ. എന്നാല്‍ 41 ഓവര്‍ എറിഞ്ഞ സക്സേനയെ ഡല്‍ഹി ഫലപ്രദമായി നേരിട്ടു. ഡല്‍ഹി ക്യാപ്റ്റന്‍ ധ്രുവ് ഷോറെയ അവസാന ദിവസം തുടക്കത്തിലെ മടക്കി സക്സേന കേരളത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും ചന്ദേലക്കൊപ്പം ചേര്‍ന്ന നിതീഷ് റാണ ആ പ്രതീക്ഷ തല്ലിക്കെടുത്തി.

119 റണ്‍സ് വഴങ്ങി ജലജ് സക്സേന രണ്ട് വിക്കറ്റെടുത്തു. കേരളത്തിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് കളിയിലെ കേമന്‍. 17ന് ബംഗാളിനെതിരെ തിരുവനന്തപുരത്താണ് കേരളത്തിന്റെ അടുത്ത മത്സരം.