സൂറത്ത്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സോടെ സഞ്ജു സാംസണും റണ്ണൊന്നുമെടുക്കാതെ പി രാഹുലും ക്രീസില്‍.

ജയത്തിലേക്ക് 139 റണ്‍സ് കൂടി വേണ്ട കേരളത്തിന്റെ പ്രതീക്ഷ ഇനി സഞ്ജുവിന്റെ ബാറ്റിലാണ്. മൂന്നാം ദിനം തുടക്കത്തിലെ കേരളത്തിന് ഓപ്പണര്‍ വിഷ്ണു വിനോദിനെ(23) നഷ്ടമായി. മോനിഷിനെ(7)യും ജലജ് സക്സേനയെയും(29) മടക്കി ഗജ കേരളത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. തൊട്ടുപിന്നാലെ റോബിന്‍ ഉത്തപ്പെയെ(7) വീഴ്ത്തി അക്സര്‍ പട്ടേല്‍ കേരളത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം ആക്രമിച്ചു കളിച്ച സഞ്ജു കേരളത്തെ 100 കടത്തി. എന്നാല്‍ കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് കനത്തി തിരിച്ചടി നല്‍കി സ്കോര്‍ ബോര്‍ഡില്‍ 129 റണ്‍സെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ മടക്കി കലാരിയ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി.

രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെ 210 റണ്‍സിന് പുറത്താക്കിയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ ഇന്നിംഗ്സില്‍  70 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ ഗുജറാത്ത് 57 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെ എറിഞ്ഞിട്ടത്.