സ‌ഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ ഇന്ത്യൻ ടീമിനൊപ്പമായതിനാല്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെടുത്തിട്ടുണ്ട്. 15 റണ്‍സോടെ ഹിമാന്‍ഷു മന്ത്രിയും നാലു റണ്‍സോടെ ക്യാപ്റ്റൻ ശുഭം ശര്‍മയുമാണ് ക്രീസില്‍. ഹര്‍ഷ് ഗാവ്‌ലിയുടെയും(7), രജത് പാടീദാറിന്‍റെയും(0) വിക്കറ്റുകളാണ് മധ്യപ്രദേശിന് നഷ്ടമായത്. എം ഡി നിധീഷിനാണ് രണ്ട് വിക്കറ്റ്.

ഒക്ടോബറില്‍ ആരംഭിച്ച രഞ്ജി മത്സരങ്ങള്‍ മുഷ്താഖ് അലി ടി20യും വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റും പൂര്‍ത്തിയാക്കി ഒരു ഇടവേളക്കുശേഷമാണ് വീണ്ടും പുനരാരംഭിക്കുന്നത്. സ‌ഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ ഇന്ത്യൻ ടീമിനൊപ്പമായതിനാല്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. ഇന്ത്യൻ താരങ്ങളായ രജത് പാടീദാര്‍, ആവേശ് ഖാന്‍ എന്നിവരും മധ്യപ്രദേശ് ടീമിലുണ്ട്.

വെടിക്കെട്ടിന് തുടക്കമിട്ട് സഞ്ജു, പൂര്‍ത്തിയാക്കി അഭിഷേക് ശർമ; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം

എലൈറ്റ് ഗ്രൂപ്പ് സിയില്‍ അ‍ഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയന്‍റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയന്‍റുള്ള ഹരിയാനയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ ഒന്നാമത്. 14 പോയന്‍റുള്ള ബംഗാളും 12 പോയന്‍റുള്ള കര്‍ണാടകയും 11 പോയന്‍റുള്ള പഞ്ചാബുമാണ് കേരളത്തിന് പിന്നിലുള്ളത്. അഞ്ച് കളികളില്‍ 10 പോയന്‍റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.

കേരളം (പ്ലേയിംഗ് ഇലവൻ): ബാബ അപരാജിത്ത്, രോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്‌സേന, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, ഷോൺ റോജർ, എംഡി നിധീഷ്, എന്‍ ബേസിൽ.

മധ്യപ്രദേശ് പ്ലേയിംഗ് ഇലവൻ: ശുഭം ശർമ(ക്യാപ്റ്റൻ), ഹിമാൻഷു മന്ത്രി, രജത് പാടിദാർ, വെങ്കിടേഷ് അയ്യർ, ഹർപ്രീത് സിംഗ് ഭാട്ടിയ, ഹർഷ് ഗാവ്‌ലി, സരൻഷ് ജെയിൻ, ആര്യൻ പാണ്ഡെ, കുമാർ കാർത്തികേയ, അവേഷ് ഖാൻ, കുൽദീപ് സെൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക