2023ലാണ് ബിസിസിഐ സമ്മാനത്തുക വര്‍ധിപ്പിച്ചത്. 60 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് ആഭ്യന്തര ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ബിസിസിഐ കൂട്ടിയത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിയ ഒരു സീസണ്‍ ആണ് കടന്നു പോകുന്നത്. രഞ്ജിയിലെ ടീമിന്റെ പ്രകടനം ദേശിയ തലത്തില്‍ സെലക്ടര്‍മാരടക്കം ശ്രദ്ധിക്കും എന്ന പ്രതീക്ഷയില്‍ ആണ് താരങ്ങള്‍. വരും സീസണ്‍ കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ പോസിറ്റീവായി ഒരുങ്ങാന്‍ ശ്രമിക്കുമെന്നും താരങ്ങള്‍ പറയുന്നു. രഞ്ജി ട്രോഫി ചാംപ്യന്‍മാരായ വിദര്‍ഭയ്ക്ക് സമ്മാനത്തുകയായി കിട്ടിയത് അഞ്ച് കോടി രൂപ. റണ്ണേഴ്സ് അപ്പായ കേരളത്തിന് മൂന്ന് കോടി രൂപയാണ് സമ്മാനത്തുക.

2023ലാണ് ബിസിസിഐ സമ്മാനത്തുക വര്‍ധിപ്പിച്ചത്. 60 ശതമാനം മുതല്‍ 300 ശതമാനം വരെയാണ് ആഭ്യന്തര ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ബിസിസിഐ കൂട്ടിയത്. ചാംപ്യന്‍ ടീമിലെ താരങ്ങള്‍ക്ക് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നുകോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. കോച്ച് ഉസ്മാന്‍ ഖനിക്ക് 15 ലക്ഷം രൂപയും സഹപരിശീലകന്‍ അതുല്‍ റാനഡേയ്ക്ക് അഞ്ച് ലക്ഷവും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് രണ്ട് ലക്ഷം രൂപ വീതവും നല്‍കും. ഇക്കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടില്ല.

അതേസമയം, രഞ്ജി ട്രോഫിയില്‍ ചരിത്ര മുന്നേറ്റത്തിലൂടെ ഫൈനലിലെത്തിയ കേരള ടീമിന് ഇന്ന് ജന്മനാട്ടില്‍ വരവേല്‍പ്പ് നല്‍കും. നാഗ്പൂരില്‍ നിന്ന് കെസിഎ ക്രമീകരിച്ച പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ രാത്രി ഒന്‍പതരയോടെ താരങ്ങള്‍ തിരുവനന്തപുരത്തെത്തും. കെസിഎ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് താരങ്ങളെ സ്വീകരിക്കും, തുടര്‍ന്ന് കെസിഎ ആസ്ഥാനത്ത് താരങ്ങള്‍ക്ക് സ്വീകരണം നല്‍കും. നാളെ വൈകീട്ട് 6 മണിക്ക് ടീമിന് ഔദ്യോഗിക വരവേല്‍പ്പും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് മുഖ്യാതിഥി.