ദുബായ്: ഐപിഎല്ലിനായി പുറത്തിറക്കിയ ഔദ്യോഗിക ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി യുവ സംഗീതജ്ഞന്‍. റാപ്പറായ കൃഷ്ണ കൗളാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. 2017ല്‍ പുറത്തിറക്കിയ 'ദേഖോ കോന്‍ ആയ വാപസ്' എന്ന എന്റെ റാപ് ഗാനം മോഷ്ടിച്ചാണ് ഐപിഎല്ലിന്റെ ഔദ്യോഗിക ഗാനം ഉണ്ടാക്കിയതെന്നാണ് കൗള്‍ പറയുന്നത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കൗള്‍ ഇക്കാര്യം പുറത്തുവിട്ടത്.

സെപ്റ്റംബര്‍ ആറിനാണ് ഐപിഎല്‍ ഔദ്യോഗികഗാനം പുറത്തുവിട്ടത്. 'ആയേങ്കെ ഹം വാപസ്' എന്നായിരുന്നു ടൈറ്റില്‍.  'കരുത്തുറ്റ തിരിച്ചുവരവ്' എന്ന പ്രമേയം അടിസ്ഥാനമാക്കി ചെയ്ത പാട്ട് 93 സെക്കന്‍ഡുണ്ട്. കൊവിഡ് കാരണം ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് പ്രതീക്ഷയും സന്തോഷവും നല്‍കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത. 

കൗളിന്റെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെ.. ''ഐപിഎല്‍ അധികൃതര്‍ എന്റെ 'ദേഖോ കോന്‍ ആയ വാപസ്' എന്ന ഗാനം മോഷ്ടിച്ചാണ് 'ആയേങ്കെ ഹം വാപസ്' എന്ന ഐപിഎല്‍ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനായി യാതൊരു അനുമതിയും ഐപിഎല്‍ വാങ്ങിയിട്ടില്ല.'' കൗള്‍ കുറിച്ചിട്ടു.

സംഭവം ഏറ്റെടുത്ത ആരാധകര്‍ ബിസിസിഐക്കെതിരെ തിരിഞ്ഞു. #iplanthemcopied  എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റിംഗായി. എന്നാല്‍ ഗാനം കോപ്പിയടിച്ചതല്ലെന്ന് പറഞ്ഞ് ഗാനം തയ്യാറാക്കി പ്രണവ് അജയ് റാവു മാല്‍പെ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ മ്യൂസിക് കംപോസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.