ലോര്‍ഡ്‌സില്‍ അറ്റ്കിന്‍സണും സെഞ്ചുറി! അഗാര്‍ക്കറെ മറികടന്ന് അപൂര്‍വ നേട്ടം, ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍
ലോര്‍ഡ്‌സില്‍ എട്ടാം നമ്പറിലോ അതിന് ശേഷമോ ബാറ്റിംഗിനെത്തിയിട്ട് സെഞ്ചുറി നേടുന്ന ആറാമത്തെ താരമായിരിക്കുകയാണ് അറ്റ്കിന്‍സണ്‍.
ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജോ റൂട്ടിന് (143) പിന്നാലെ ഗുസ് അറ്റ്കിന്‍സണും (118) സെഞ്ചുറി. ഇരുവരുടേയും സെഞ്ചുറി കരുത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്്‌സില്‍ 427 റണ്‍സ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി അശിത ഫെര്‍ണാണ്ടോ അഞ്ച് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്.
അറ്റ്കിന്‍സണ്‍ സെഞ്ചുറി നേടിയതോടെ ചില റെക്കോര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. ലോര്‍ഡ്‌സില്‍ എട്ടാം നമ്പറിലോ അതിന് ശേഷമോ ബാറ്റിംഗിനെത്തിയിട്ട് സെഞ്ചുറി നേടുന്ന ആറാമത്തെ താരമായിരിക്കുകയാണ് അറ്റ്കിന്‍സണ്‍. ഇക്കാര്യത്തില്‍ മുന്‍ ഇംഗ്ലണ്ട് താരം ഗബ്ബി അലനാണ് (122) ആദ്യ സെഞ്ചുറി സ്വന്തമാക്കുന്നത്. 1931ല്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു നേട്ടും. പിന്നീട് 1969ല്‍ ഇംഗ്ലണ്ടിന്റെ തന്നെ റേ ഇല്ലിംഗ്‌വര്‍ത്ത് (113) വെസ്റ്റ് ഇന്‍ഡീസിനെതിരേയും സെഞ്ചുറി സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, 1973ല്‍ വിന്‍ഡീസിന്റെ ബെര്‍ണാര്‍ഡ് ജൂലിയന്‍ (121) ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടി. അടുത്തത് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറുടെ ഊഴമായിരുന്നു. 2002ല്‍ പുറത്താവാതെ 109 റണ്‍സാണ് അഗാര്‍ക്കര്‍ അടിച്ചെടുത്തത്. തുടര്‍ന്ന് സ്റ്റുവര്‍ട്ട് ബ്രോഡും നേട്ടം സ്വന്തമാക്കി. 2010ല്‍ പാകിസ്ഥാനെതിരെ 169 റണ്‍സാണ് മുന്‍ ഇംഗ്ലീഷ് പേസര്‍ നേടിയത്. ഇപ്പോഴിതാ അറ്റ്കിന്‍സണും.
നേരത്തെ ലോര്‍ഡ്‌സില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും അറ്റ്കിന്‍സണും സാധിച്ചിരുന്നു. ലോര്‍ഡ്‌സില്‍ സെഞ്ചുറിയും പത്ത് വിക്കറ്റും സ്വന്തമാക്കുന്ന അപൂര്‍വം ചില താരങ്ങൡ ഒരാളാണ് അറ്റ്കിന്‍സണ്‍. ഗബ്ബി അലന്‍ (ഇംഗ്ലണ്ട്), കീത് മില്ലര്‍ (ഓസ്‌ട്രേലിയ), ഇയാന്‍ ബോതം (ഇംഗ്ലണ്ട്), ബ്രോഡ്, ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്) എന്നിവരാണ് മറ്റുതാരങ്ങള്‍. ബോതവും അറ്റ്കിന്‍സണും മാത്രമാണ് ഒരു സീസണില്‍ തന്നെ ഇവ രണ്ടും നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ 115 പന്തിലാണ് അറ്റ്കിന്‍സണ്‍ 118 റണ്‍സ് നേടിയത്. ഇതില്‍ നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടും.