കട്ടക്ക്: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ അത്യപൂര്‍വ നേട്ടം സ്വന്തമാക്കി പേസര്‍ മുഹമ്മദ് ഷമി. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടമാണ് ഷമിയെ തേടിയെത്തിയത്. രണ്ടാം തവണയാണ് ഷമി ഈ നേട്ടം സ്വന്തമാക്കുന്നത്. രണ്ട് തവണ ഈ റെക്കോഡ് സ്വന്തം പേരിലാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന അത്യപൂര്‍വ റെക്കോഡും ഷമിയെ കീശയിലായി. 

ഈ വര്‍ഷം 21 ഏകദിനങ്ങളില്‍ നിന്ന് 42 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. കട്ടക്കില്‍ വിന്‍ഡീസിനെതിരെ നടക്കുന്ന അവസാന ഏകദിനത്തില്‍ ഷായ് ഹോപ്പിന്റെ ഒരു വിക്കറ്റ് മാത്രമാണ് ഷമി നേടിയത്. ഇതോടെ പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കി. ഈ വര്‍ഷം ഒരു ഹാട്രിക്കും ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഷമിയുടെ പേരിലുണ്ട്. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്ന ഹാട്രിക്. 

20 ഏകദിനങ്ങളില്‍ നിന്ന് 38 വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. സഹതാരമായ ലോക്കി ഫെര്‍ഗൂസണ്‍ 17 ഏകദിനങ്ങളില്‍ നിന്ന് 35 വിക്കറ്റുമായി മൂന്നാമതുണ്ട്. ഇന്ത്യന്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാര്‍ (33), കുല്‍ദീപ് യാദവ് (32) എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലാണ്. 29 വിക്കറ്റുള്ള യൂസ്‌വേന്ദ്ര ചാഹല്‍ ഒമ്പതാം സ്ഥാനത്തുണ്ട്.

2014 സീസണിലും ഷമി തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍. അന്ന് 38 വിക്കറ്റാണ് താരം നേടിയത്. മൂന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ മാത്രമാണ് മുമ്പ് ഒരു സീസണില്‍ ഉയര്‍ന്ന വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ വന്നിട്ടുള്ളത്. കപില്‍ ദേവ് (32 വിക്കറ്റ്- 1986), അജിത് അഗാര്‍ക്കര്‍ (58 വിക്കറ്റ്- 1998), ഇര്‍ഫാന്‍ പഠാന്‍ (47 വിക്കറ്റ്- 2004) എന്നിവരാണ് ആ താരങ്ങള്‍.