ദുബായ്: അടുത്തകാലത്ത് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. ഈയടുത്താണ് അവര്‍ക്ക് ടെസ്റ്റ് പദവി ലഭിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് അയര്‍ലന്‍ഡ്, ബംഗ്ലാദേശ് ടീമുകളെ തോല്‍പ്പിക്കാന്‍ അഫ്ഗാനായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ എതിരാളികളെ ഞെട്ടിപ്പിക്കാന്‍ കഴിവുള്ള ടീമാണ് അഫ്ഗാന്‍ എന്നതില്‍ സംശയമില്ല.

എന്നാല്‍ റാങ്കിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്ന ടീമുകളെ എതിരാളികളായി ലഭിച്ചാല്‍ മാത്രമെ അഫ്ഗാന്‍ ക്രിക്കറ്റില്‍ ഇനിയും മുന്നോട്ട് പോവാന്‍ സാധിക്കുവെന്ന് ക്യാപ്റ്റന്‍ റഷീദ് ഖാന്‍ പറഞ്ഞു. 21കാരന്‍ തുടര്‍ന്നു... ''അഫ്ഗാന്‍ ക്രിക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പില്‍ ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. ഞങ്ങള്‍ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ടത് അവസാനത്തെ അഞ്ചോ ആറോ ഓവറിലാണ്. മികച്ച ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും അഫ്ഗാനിസ്ഥാനുണ്ട്. എന്നാല്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യം മറികടക്കണമെങ്കില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ കളിച്ചത്. കൂടുതല്‍ കളിച്ചാല്‍ മാത്രമാണ് എതിര്‍ ടീമുകളുടെ ശക്തിയും ദൗര്‍ബല്യവും മനസിലാവൂ. ഏറ്റവും വലിയ ഉദാഹരണമാണ് ബംഗ്ലാദേശ്. ലോകകപ്പില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ലോകകപ്പിന് മുമ്പ് അവര്‍ ദക്ഷിണാഫ്രിക്കയുമായി ഏറെ മത്സരങ്ങള്‍ കളിച്ചിരുന്നു. അഫ്ഗാന്‍ മികച്ച ടീമായി മാറണമെങ്കില്‍ ഉയര്‍ന്ന റാങ്കിലുള്ള ടീമുകളുമായി കളിക്കണം.'' റാഷിദ് ഖാന്‍ പറഞ്ഞുനിര്‍ത്തി.