കറാച്ചി: അഞ്ചാംവട്ടവും പെണ്‍കുട്ടിയുടെ അച്ഛനായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. വെള്ളിയാഴ്ചയാണ് അഫ്രീദിയുടെ ഭാര്യ നാദിയ പെണ്‍കുട്ടിക്ക് ജന്‍മം നല്‍കിയത്. ട്വിറ്ററിലൂടെയാണ് വീണ്ടും അച്ഛനായ വിവരം അഫ്രീദി ആരാധകരുമായി പങ്കുവെച്ചത്.

തന്റെ നാലുപെണ്‍മക്കള്‍ക്കും എ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പേരാണ് അഫ്രീദി ഇട്ടത്. അക്സ, അന്‍ഷ, അജ്‌വ, അസ്മാര എന്നിങ്ങനെയാണ് അഫ്രീദിയുടെ നാലു മക്കളുടെയും പേര്. അഞ്ചാമത്തെ കുട്ടിക്കും എയില്‍ തുടങ്ങുന്ന പേരിനായുള്ള തിരച്ചിലില്‍ ആണെന്നും ആരാധകര്‍ നല്ലൊരു പേര് നിര്‍ദേശിക്കണമെന്നും അഫ്രീദി ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അഫ്രീദിയുടെ കുഞ്ഞിന് ഇടാന്‍ പറ്റിയ പേര് നിര്‍ദേശിച്ച് രംഗത്തെത്തിയവരില്‍ ആദ്യത്തെയാള്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീം നായകനായ റാഷിദ് ഖാനായിരുന്നു.

 

ആഫ്രീന്‍ എന്നാണ് റാഷിദ് നിര്‍ദേശിച്ച പേര്. ആഫ്രീന്‍ എന്നാല്‍ ധീര എന്നാണ് അര്‍ത്ഥമെന്നും റാഷിദ് വ്യക്തമാക്കി.

2018ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അഫ്രീദി ഇപ്പോള്‍ വിവിധ ടി20 ലീഗുകളില്‍ സജീവമാണ്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനായി കളിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ അഫ്രീദി.