പാകിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ താരത്തിന് 10 കോടി പാരിതോഷികം വാഗ്ദാനം ചെയ്തോ, പ്രതികരിച്ച് രത്തന്‍ ടാറ്റ
ഇത്തരത്തില്‍ ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്ന വാട്സാപ്പ് സന്ദേശങ്ങളോ വീഡിയോകളോ തന്‍റെ ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ നിന്നല്ലാതെ വന്നാല്‍ വിശ്വസിക്കരുതെന്നും രത്തന്‍ ടാറ്റ എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
മുംബൈ: ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ താരത്തിന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ക്രിക്കറ്റുമായി തനിക്ക് ഇതുവരെ യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നല്‍കാമെന്ന് ഐസിസിക്ക് മുമ്പാകെ നിര്‍ദേശം വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ എക്സിലെ(മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്ന വാട്സാപ്പ് സന്ദേശങ്ങളോ വീഡിയോകളോ തന്‍റെ ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ നിന്നല്ലാതെ വന്നാല്‍ വിശ്വസിക്കരുതെന്നും രത്തന്‍ ടാറ്റ എക്സിലെ പോസ്റ്റില്‍ പറഞ്ഞു. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ അട്ടിമറിച്ചതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ അഫ്ഗാന്‍ താരം റാഷിദ് ഖാന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. മത്സരത്തില്‍ ജയിച്ചതിനുശേഷം റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക വീശിയതിന് ഐസിസി 55 ലക്ഷം രൂപ പിഴശിക്ഷ വിധിച്ചുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ 10 കോടി രൂപ റാഷിദ് ഖാന് നല്‍കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ഈ മാസം 23ന് നടന്ന ആവേശപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ എട്ടു വിക്കറ്റിന്‍റെ ആധികാരിക ജയമാണ് പാകിസ്ഥാനെതിരെ നേടിയത്. ആദ്യമായാണ് അഫ്ഗാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. മത്സരശേഷം അഫ്ഗാന്‍ പതാക പുതച്ച് ഗ്രൗണ്ടിലിറങ്ങിയ റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാകയും വീശിയിരുന്നു. ഇതിനാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി 55 ലക്ഷം രൂപ പിഴയിട്ടതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ റാഷിദ് ഖാന് പിഴയിട്ടത് സംബന്ധിച്ച് ഐസിസി ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിച്ചിട്ടല്ല.
എക്സിലാണ് റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക വീശിയെന്നും ഇതിന് ഐസിസി 55 ലക്ഷം രൂപ പിഴ ചുമത്തിയെന്നും രത്തന്‍ ടാറ്റ 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുമെന്ന വാര്‍ത്തകള്‍ ആരാധകര്‍ പോസ്റ്റ് ചെയ്തത്. ഇത് നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ തന്നെ വിശദീകരണവുമായി എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക