ദുബായ്: ഐപിഎല്ലില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ നിന്ന് മുംബൈ വഴി ദുബായിലേക്ക് പോയ യാത്രാനുഭവം പങ്കുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍ അശ്വിന്‍. ചൊവ്വാ ദൗത്യം പോലെയായിരുന്നു ആ യാത്രയെന്ന് അശ്വിന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. പിപിഇ കിറ്റും മാസ്കും ഫേസ് ഷീല്‍ഡും എല്ലാം ധരിച്ച് കഠിനമായിരുന്നു ആ യാത്ര. സംഭ്രമിക്കുന്ന യാത്രയായിരുന്നു അത്. എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ മതിയെന്നായിരുന്നു എലാലാവര്‍ക്കും. പിപിഇ കിറ്റിനുള്ളിലിരുന്ന് ആകെ വിയര്‍ത്തുകുളിക്കുകയായിരുന്നു.

ദുബായിലെത്തിയശേഷവും തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം എടുത്ത് പരിശോധിച്ചു. ആളും ആരവവുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വിമാനത്താവളവും അടഞ്ഞു കിടക്കുന്ന കടകളും ശരിക്കും ഹൃദയഭേദകമായ കാഴ്ചയായിരുന്നു.  അവിടെയെത്തിയശേഷവും നീരവധി കടലാസുകള്‍ പൂരിപ്പാക്കാനുണ്ടായിരുന്നു. ഇതിനു മുമ്പ് ഇത്രയും കടലാസുകളില്‍ ഞാന്‍ എഴുതിയിട്ടുള്ളത് പന്ത്രണ്ടാം ക്ലാസ് പരീക്ഷക്കാണ്. റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ റെസിപ്റ്റ് ലഭിക്കുന്നതുപോലെ അപ്പോള്‍ തന്നെ കുറെ റെസിപ്റ്റുകളും കിട്ടി. എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചശേഷാണ് ഞങ്ങള്‍ പച്ച സിഗ്നല്‍ കിട്ടിയത്-അശ്വിന്‍ പറഞ്ഞു.

ഐപിഎല്ലിന് മുമ്പ് തന്നെ ചെന്നൈയിലായിരുന്നപ്പോള്‍ ഫേസ് മാസ്ക് ധരിച്ച് പരിശീലനം നടത്തിയിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു. അതുപോലെ സാമൂഹിക അകലം പാലിക്കലും ശീലിച്ചിരുന്നു. എങ്കിലും കൊവിഡ് പരിശോധനക്ക് വിധേയനാവുമ്പോള്‍ ശരിക്കും പേടിയുണ്ടായിരുന്നു. നെഗറ്റീവ് ആവുക എന്നത് നിര്‍ണായകമായിരുന്നു. പോസറ്റീവായാല്‍ വീട്ടില്‍ തന്നെ തുടരാനായിരുന്നു നിര്‍ദേശം. നെഗറ്റീവായശേഷമെ ടീമിനൊപ്പം ചേരാനാവുമായിരുന്നുള്ളു. അതുകൊണ്ടുതന്നെ 10 ദിവസത്തിനുള്ളില്‍ നാലു തവണയാണ് പരിശോധനകള്‍ക്ക് വിധേയനായത്. അതിനുശേഷമാണ് ബിസിസിഐയില്‍ നിന്ന് യാത്രാനുമതി ലഭിച്ചത്. തുടര്‍ന്നാണ് കുറച്ചുപേരൊഴികെ ടീം അംഗങ്ങളെല്ലാം ആദ്യം മുംബൈയിലെത്തി അവിടെ നിന്ന് ദുബായിലേക്ക് പറന്നതെന്നും അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ സീസണ്‍ വരെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് പന്തെറിയുക.