ഓപ്പണറായി ഇറങ്ങി 30 പന്തില്‍ 69 റണ്‍സടിച്ച് അശ്വിന്‍റെ വെടിക്കെട്ട്, ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ഫൈനലില്‍
ആദ്യം ബാറ്റ് ചെയ്ത തിരുപ്പൂര്‍ തമിഴൻസ് 19.4 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി.
ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യൻ താരം ആര്‍ അശ്വിന്‍. തിരുപ്പൂര്‍ തമിഴന്‍സിനെതിരായ ക്വാളിഫയര്‍-2 പോരാട്ടത്തില്‍ ഡിണ്ടിഗലിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത അശ്വിന്‍ 30 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയശില്‍പ്പിയായി. 11 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് അശ്വിന്‍റെ ഇന്നിംഗ്സ്.
ആദ്യം ബാറ്റ് ചെയ്ത തിരുപ്പൂര്‍ തമിഴൻസ് 19.4 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. 26 റണ്‍സെടുത്ത മാന്‍ ബാഫ്നയും 16 റണ്‍സെടുത്ത അമിത് സാത്‌വിക്കും മാത്രമെ തിരിപ്പൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ഡിണ്ടിഗലിനായി മലയാളി പേസര്‍ സന്ദീപ് വാര്യര്‍ 3.4 ഓവറില്‍ 17 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്ഡ പി വിഘ്നേഷ് നാലോവറില്‍ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. സുബോത് ഭാട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ ആദ്യ മൂന്നോവറില്‍ 14 റണ്‍സ് മാത്രമാണ് ഡിണ്ടിഗല്‍ അടിച്ചത്. എന്നാല്‍ എസ് അജിത് രാം എറിഞ്ഞ നാലാം ഓവവറിലാണ് അശ്വിന്‍ വെടിക്കെട്ട് തുടങ്ങിയത്. അജിത്തിനെതിരെ മൂന്ന് ബൗണ്ടറി പറത്തിയ അശ്വിന്‍ സായ് കിഷോര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഡിണ്ടിഗല്‍ 57 റണ്‍സടിച്ചപ്പോള്‍ സായ് കിഷോര്‍ എറിഞ്ഞ എട്ടാം ഓവറിലും അശ്വിന്‍ മൂന്ന് ബൗണ്ടറി നേടി.
The ball striking of Ravi Ashwin. 🤯
— Mufaddal Vohra (@mufaddal_vohra) August 3, 2024
- Ashwin showing Gautam Gambhir his abilities. 😆pic.twitter.com/LNMnSt4hHW
ഒമ്പതാം ഓവറില്‍ ഓപ്പണര്‍ വിമല്‍ കുമാറിനെ നഷ്ടമായെങ്കിലും 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അശ്വിന്‍ പി ഭുവനേശ്വരനെ തുടര്‍ച്ചയയി സിക്സിന് പറത്തി 10.5 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. നാളെ നടക്കുന്ന ഫൈനലില്‍ ലൈക്ക കോവൈ കിംഗ്സാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന്‍റെ എതിരാളികള്‍. സായ് സുദര്‍ശനും ഷാരൂക് ഖാനും അടങ്ങുന്നതാണ് ലൈക്ക കോവൈ കിംഗ്സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക