ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു 2019. ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായത് മാത്രമാണ് കുറച്ചിലായി പറയാനുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് കീഴില്‍ ന്യൂസിലന്‍ഡ് പര്യടനമാണ് വരാനുള്ള വെല്ലുവിളി. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു 2019. ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായത് മാത്രമാണ് കുറച്ചിലായി പറയാനുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് കീഴില്‍ ന്യൂസിലന്‍ഡ് പര്യടനമാണ് വരാനുള്ള വെല്ലുവിളി. പിന്നാലെ ടി20 ലോകകപ്പുമുണ്ട്. ഇപ്പോള്‍ കോലിയെ പുകഴ്ത്തിയിരിക്കുകയാണ് പരിശീലകനായ രവി ശാസ്ത്രി.

കോലിയെ പോലെ ഒരു ക്യാപ്റ്റനെ മുമ്പ് കണ്ടിട്ടില്ലെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ക്രിക്കറ്റിനോടുള്ള കോലിയുടെ ആത്മാര്‍ത്ഥതയും സഹതാരങ്ങള്‍ക്ക് ക്യാപ്റ്റന്‍ നല്‍കുന്ന ഊര്‍ജ്ജവും മറ്റൊരാള്‍ക്കും നല്‍കാനാവില്ല. കോലിയെ പോലെ ഗ്രൗണ്ടില്‍ മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒരു ക്യാപ്റ്റനെ ഞാന്‍ കണ്ടിട്ടില്ല. നായകനെന്ന നിലയില്‍ കോലി മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്.

മത്സരഫലങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവും കോലി എത്രത്തോളം മികച്ച ക്യാപ്റ്റനാണെന്ന്. ഒരു ക്യാപ്റ്റനും എല്ലാം തികഞ്ഞ ആളല്ല. ഒരു മേഖലയില്‍ ക്യാപ്റ്റന് കഴിവു കൂടുതല്‍ ഉണ്ടെങ്കില്‍ മറ്റൊരു മേഖലയില്‍ പിഴവുകളും ഉണ്ടാകും. അത് സാധാരണയാണ്.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.