ഐപിഎല്ലിൽ ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് തുടങ്ങിയ ഇന്ത്യൻ പേസർമാരുടെ മോശം പ്രകടനത്തിന് കാരണം മാനസിക ക്ഷീണമാണെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് വിശ്രമം അത്യാവശ്യമാണെന്നും അവർ മനുഷ്യരാണെന്ന് ഓർക്കണമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. 

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ത്യയുടെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനത്തിലുണ്ടായ ഇടിവിന് കാരണം മാനസിക ക്ഷീണമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. തുടര്‍ച്ചയായ അന്താരാഷ്ട്ര മത്സരങ്ങളും ഫ്രാഞ്ചൈസി ക്രിക്കറ്റും മികച്ച കളിക്കാരെപ്പോലും ബാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ബുംറയുടെയും അര്‍ഷ്ദീപിന്റെയും നിരാശപ്പെടുത്തുന്ന സീസണ്‍

സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ കമന്ററി പറയവേയാണ് ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയായ ജസ്പ്രിത് ബുംറയ്ക്കും പഞ്ചാബിന്റെ അര്‍ഷ്ദീപ് സിംഗിനും ഈ സീസണില്‍ തങ്ങളുടെ സ്വാഭാവിക മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. 10 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ബുംറയ്ക്ക് ഈ സീസണില്‍ നേടാനായത്. അര്‍ഷ്ദീപ് സിംഗാകട്ടെ ചില മത്സരങ്ങളില്‍ മികച്ച സ്‌പെല്ലുകള്‍ എറിയുന്നുണ്ടെങ്കിലും അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു.

കളിക്കാര്‍ക്ക് യന്ത്രങ്ങളെപ്പോലെ പെട്ടെന്ന് റീസെറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം പറയുന്നതിങ്ങനെ... ''സ്ഥിരമായി ക്രിക്കറ്റ് കളിക്കുന്ന, ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടിയും നിരന്തരം പന്തെറിയുന്ന ബൗളര്‍മാരില്‍ മാനസിക ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഇവര്‍ മനുഷ്യരാണെന്ന് നമ്മള്‍ ഓര്‍ക്കണം. ഒരു അവധി ദിവസം പെട്രോള്‍ പമ്പില്‍ പോയി ഗ്യാസ് നിറച്ച് അടുത്ത ദിവസം തന്നെ പഴയ വീര്യത്തോടെ തിരിച്ചെത്താന്‍ അവര്‍ക്ക് കഴിയില്ല. പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് കഠിനമാണ്, മനുഷ്യശരീരത്തിന് വിശ്രമവും വീണ്ടെടുക്കല്‍ സമയവും അത്യാവശ്യമാണ്.'' ശാസ്ത്രി പറഞ്ഞു.

അമിത ജോലിഭാരം വെല്ലുവിളിയാകുന്നു

പരിക്കിന് ശേഷം തിരിച്ചെത്തിയ ബുംറയുടെ വര്‍ക്ക് ലോഡ് ബിസിസിഐ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും, ടി20 ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍ സീസണ്‍ താരത്തിന് കഠിനമായി മാറിയിരിക്കുകയാണ്. അര്‍ഷ്ദീപ് സിംഗിന്റെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. ഡെത്ത് ഓവറുകളില്‍ വലിയ സമ്മര്‍ദ്ദത്തില്‍ പന്തെറിയേണ്ടി വരുന്നത് താരത്തിന്റെ താളത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പദ്ധതികളില്‍ നിര്‍ണ്ണായകമായ ഈ രണ്ട് ബൗളര്‍മാരുടെയും ഫോമില്ലായ്മ വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി ടീം മാനേജ്മെന്റിന് വലിയ ചിന്താവിഷയമാണ്.

YouTube video player