ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയാണ് ടീം ഇന്ത്യക്ക് ഇനി മുന്നിലുള്ളത്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ശേഷം ഏകദിനത്തില്‍ 0-3ന് തോല്‍വി വഴങ്ങിയാണ് ടീം ഇന്ത്യ ടെസ്റ്റ് പരീക്ഷക്കായി കാത്തിരിക്കുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 21ന് പരമ്പര ആരംഭിക്കാനിരിക്കേ മനസുതുറന്നിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി.

'ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിക്കണമെങ്കില്‍ 100 പോയിന്‍റ് കൂടി വേണം. വിദേശത്ത് ആറില്‍ രണ്ട് വിജയങ്ങള്‍ നേടിയാല്‍ ഇന്ത്യ സുരക്ഷിത സ്ഥാനത്തെത്തും. അതാണ് ഒരു ലക്ഷ്യം. ഈ വര്‍ഷം ആറ് ടെസ്റ്റുകളാണ് ടീം വിദേശത്ത് കളിക്കുക(ന്യൂസിലന്‍ഡില്‍ രണ്ടും ഓസ്‌ട്രേലിയയില്‍ നാലും). ലോക നമ്പര്‍ വണ്‍ ടെസ്റ്റ് ടീമായി കളിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. ഇക്കാര്യത്തിലാണ് മറ്റെന്തിനേക്കാളുമേറെ ടീം വിശ്വാസമര്‍പ്പിക്കുന്നത്' എന്നും രവി ശാസ്‌ത്രി പറഞ്ഞു. 

ഗില്ലോ ഷായോ; ആരാകും ഓപ്പണര്‍?

കഴിഞ്ഞ തവണ ന്യൂസിലന്‍ഡില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ തോല്‍വിയായിരുന്നു ടീം ഇന്ത്യക്ക് ഫലം. അന്ന് 1-0നാണ് ടീം തോറ്റത്. ഇത്തവണ പരിക്കേറ്റ രോഹിത് ശര്‍മ്മയില്ലാതെ വിജയിക്കണം എന്നത് ഇന്ത്യക്ക് കൂടുതല്‍ വെല്ലുവിളിയാണ്. രോഹിത്തിന്‍റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളിനൊപ്പം പൃഥ്വി ഷായോ ശുഭ്മാന്‍ ഗില്ലോ ആയിരിക്കും ഓപ്പണര്‍. ഇവരിലാരാണ് ഇന്നിംഗ്‌സ് ആരംഭിക്കുക എന്ന ചോദ്യത്തിന് ശാസ്‌ത്രിയുടെ പ്രതികരണം ഇതായിരുന്നു. 'ഷായും ഗില്ലും പ്രതിഭാശാലികളാണ്. ഗില്‍ അസാധാരണ കഴിവുള്ള താരമാണ്'.