പരിമിത ഓവർ ക്രിക്കറ്റിൽ റിഷഭ് പന്തിന്റെ സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മുൻ പരിശീലകൻ രവി ശാസ്ത്രിയുടെ നിർണായക ഉപദേശം. പന്ത് തന്റെ സ്വാഭാവിക ശൈലി മാറ്റരുതെന്നും എന്നാൽ മത്സര സാഹചര്യം മനസ്സിലാക്കി കൂടുതൽ ബുദ്ധിപരമായി കളിക്കണമെന്നും ശാസ്ത്രി വ്യക്തമാക്കി.

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ബാറ്ററാണെങ്കിലും, പരിമിത ഓവര്‍ ക്രിക്കറ്റില്‍ റിഷഭ് പന്തിന്റെ സ്ഥാനം ചോദ്യചിഹ്നമായി മാറുകയാണ്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കുന്ന വേളയില്‍ ഏകദിന ടീമില്‍ പന്തിന്റെ സാന്നിധ്യം ഇപ്പോഴില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്ത് തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തണമെന്ന് പല മുന്‍ ക്രിക്കറ്റ് താരങ്ങളും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല.

പന്ത് തന്റെ സ്വാഭാവിക ശൈലി മാറ്റരുതെന്നും എന്നാല്‍ കൂടുതല്‍ ബുദ്ധിപരമായി കളിക്കാന്‍ പഠിക്കണമെന്നുമാണ് ശാസ്ത്രിയുടെ നിലപാട്. ''പന്തിനോട് ഞാന്‍ എപ്പോഴും ഒരേയൊരു കാര്യമേ പറഞ്ഞിട്ടുള്ളൂ; ബുദ്ധിപരമായി കളിക്കുക. അവന് അപാരമായ കഴിവുണ്ട്, അവന്‍ തന്റെ സ്വാഭാവിക ശൈലി മാറ്റേണ്ടതില്ല. പക്ഷേ, മത്സര സാഹചര്യം എന്താണെന്ന് അവന്‍ തിരിച്ചറിയണം.'' ശാസ്ത്രി വ്യക്തമാക്കി.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന്റെ സാധ്യതകള്‍ മങ്ങുന്നതിന്റെ പ്രധാന കാരണം നിര്‍ണായക ഘട്ടങ്ങളിലെ അശ്രദ്ധമായ ഷോട്ട് സെലക്ഷനും സ്ഥിരതയില്ലായ്മയുമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ഈ അതിക്രമണോത്സുക ശൈലി പലപ്പോഴും മാജിക് സൃഷ്ടിക്കാറുണ്ടെങ്കിലും, ഏകദിനങ്ങളിലും ടി20കളിലും അത് പലപ്പോഴും ഫലപ്രദമാവാറില്ല.

ശരിയായ ബാലന്‍സ് കണ്ടെത്താന്‍ പന്ത് പലപ്പോഴും പരാജയപ്പെടുന്നു. ടീമിന് അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ വിക്കറ്റ് വലിച്ചെറിയുന്ന പ്രവണതയാണ് തിരിച്ചടിയായത്. കൂടാതെ, ഇന്ത്യന്‍ ടീമിനുള്ളിലെ കടുത്ത മത്സരവും പന്തിന് തിരിച്ചടിയായി. കെ എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ മികച്ച സ്ഥിരതയും വഴക്കവും പ്രകടിപ്പിച്ചതോടെ വൈറ്റ് ബോള്‍ ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ പന്ത് കൂടുതല്‍ പാടുപെടേണ്ടി വന്നു.

YouTube video player