നിലവിലുള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ കൂടാതെ നാല് പേസർമാർ വരണം സ്ക്വാഡില്‍ വരണം

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇരുപതാം തിയതി ടീമിനെ പ്രഖ്യാപിക്കും എന്നാണ് പുതിയ റിപ്പോർട്ട്. ഏകദിന ലോകകപ്പ് ടീം സെലക്ഷനില്‍ നിർണായകമായ ടൂർണമെന്‍റാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പിനുള്ള സ്ക്വാഡ് സംബന്ധിച്ച് ചർച്ചകള്‍ സജീവമായിരിക്കേ തന്‍റെ നിർദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. 

'ടീമില്‍ പേസർമാർ വളരെ പ്രധാനപ്പെട്ടതാണ്. നിലവിലുള്ള ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ കൂടാതെ നാല് പേസർമാർ വരണം സ്ക്വാഡില്‍ എന്നാണ് എന്‍റെ കാഴ്ചപ്പാട്. ഫിറ്റ്നസ് തെളിയിച്ചാല്‍ സ്വഭാവികമായും ജസ്പ്രീത് ബുമ്ര ടീമിലെത്തും. മുഹമ്മദ് ഷമിയാണ് സ്ക്വാഡിലെത്തുന്ന മറ്റൊരാള്‍. മുഹമ്മദ് സിറാജിനെയും ഷർദുല്‍ താക്കൂറിനേയും ബാക്ക് അപ്പായി കണക്കാക്കാം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയില്‍ താക്കൂർ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു' എന്നു ശാസ്ത്രി പറഞ്ഞു. അതേസമയം ടീമില്‍ പരമാവധി ഓൾറൗണ്ടർമാരുണ്ടാകണം എന്ന് 1983 ലോകകപ്പ് ഓർമ്മിപ്പിച്ച് മുന്‍ മുഖ്യ സെലക്ടർ സന്ദീപ് പാട്ടില്‍ പറഞ്ഞു. '1983 ലോകകപ്പില്‍ ഏറെ ഓൾറൗണ്ടർമാർ ടീമിലുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ ടീമിന് ഏറെ വ്യത്യസ്ത വരും, താരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കാം' എന്നുമാണ് സന്ദീപ് പാട്ടീലിന്‍റെ നിരീക്ഷണം. 

പരിക്കിന്‍റെ 11 മാസത്തെ ഇടവേള കഴിഞ്ഞ് പേസർ ജസ്പ്രീത് ബുമ്ര മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. ഇന്ന് ഡബ്ലിനില്‍ അയർലന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടി20യില്‍ ബുമ്ര നായകന്‍റെ തൊപ്പിയണിഞ്ഞ് കളിക്കാനിറങ്ങും. ഏഷ്യാ കപ്പിന് മുമ്പ് ബുമ്രക്ക് ഫിറ്റ്നസ് പരീക്ഷയാവും അയർലന്‍ഡിന് എതിരായ മൂന്ന് ടി20കള്‍. ബുമ്രക്കൊപ്പം പരിക്ക് മാറി ബാറ്റർമാരായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പ് സ്ക്വാഡില്‍ ഇടംനേടാന്‍ കാത്തിരിപ്പുണ്ട്. ഇരുവരും ടൂർണമെന്‍റില്‍ കളിക്കുന്ന കാര്യം ഇപ്പോഴും ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ്. 

Read more: ബുമ്രയുടെ തിരിച്ചുവരവ് വെള്ളത്തിലാകുമോ എന്ന് ആശങ്ക; ഇന്ത്യ- അയർലന്‍ഡ് ആദ്യ ട്വന്‍റി 20ക്ക് മഴ ഭീഷണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം