റണ്‍വേട്ടയില്‍ മൂന്ന് മത്സരങ്ങളില്‍ 227 റണ്‍സടിച്ച ഇംഗ്ലണ്ടിന്‍റെ ബെന്‍ ഡക്കറ്റാണ് മുന്നിലെങ്കിലും 226 റണ്‍സുമായി രചിന്‍ രവീന്ദ്ര തൊട്ടു പിന്നിലുണ്ട്. 217 റണ്‍സുമായി റൂട്ടിന് പിന്നില്‍ നാലാമനായി വിരാട് കോലിയുമുണ്ട്.

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോൾ ആര് കിരീടം നേടുമെന്നത് പോലെ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ് ആരാകും ടൂര്‍ണമെന്‍റിലെയും ഫൈനലിലെയും താരമെന്നതും. ഇന്ത്യുടെ വിരാട് കോലിയും വരുണ്‍ ചക്രവര്‍ത്തിയും ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്രയും കെയ്ന്‍ വില്യംസണുമെല്ലാം ടൂര്‍ണമെന്‍റിന്‍റെ താരങ്ങളാകാനുള്ളവരുടെ മുന്‍നിരയിലുണ്ട്.

റണ്‍വേട്ടയില്‍ മൂന്ന് മത്സരങ്ങളില്‍ 227 റണ്‍സടിച്ച ഇംഗ്ലണ്ടിന്‍റെ ബെന്‍ ഡക്കറ്റാണ് മുന്നിലെങ്കിലും 226 റണ്‍സുമായി രചിന്‍ രവീന്ദ്ര തൊട്ടു പിന്നിലുണ്ട്. 217 റണ്‍സുമായി റൂട്ടിന് പിന്നില്‍ നാലാമനായി വിരാട് കോലിയുമുണ്ട്. വിക്കറ്റ് വേട്ടയില്‍ നാലു കളികളില്‍ 10 വിക്കറ്റെടുത്ത ന്യൂസിലന്‍ഡിന്‍റെ മാറ്റ് ഹെന്‍റിക്ക് തൊട്ട് പിന്നിലായി നാലു കളികളില്‍ എട്ടു വിക്കറ്റുമായി ഇന്ത്യയുടെ മുഹമ്മദ് ഷമിയും രണ്ട് കളികളില്‍ ഏഴ് വിക്കറ്റുമായി വരുണ് ചക്രവര്‍ത്തിയുമാണുള്ളത്.

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ ടൈ ആവുകയോ മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താല്‍ ആര് ജേതാക്കളാകും

എന്നാല്‍ ഇവരാരുമായിരിക്കില്ല നാളെ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഫൈനലിലെ താരമാകുക എന്നാണ് മുന്‍ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ രവി ശാസ്ത്രിയുടെ പ്രവചനം. അത് ഇന്ത്യയുടെ രവീന്ദ്ര ജഡേജയോ അക്സര്‍ പട്ടേലോ ആകുമെന്ന് ശാസ്ത്രി പറഞ്ഞു. നാലു കളികളില്‍ അഞ്ച് വിക്കറ്റെടുത്ത അക്സര്‍ നിര്‍ണായക കൂട്ടുകെട്ടുകൾ പൊളിച്ചതിനൊപ്പം നാലു കളികളില്‍ 80 റണ്‍സുമായി ബാറ്റിംഗിലും ഓള്‍ റൗണ്ടര്‍ക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് അക്സറും ശ്രേയസ് അയ്യരും ചേര്‍ന്ന നിര്‍ണായക നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ചെത്തുന്ന അക്സറിന്‍റെ പ്രകടനം പലപ്പോഴും ഇന്ത്യൻ മധ്യനിരക്ക് കരുത്താകാറുമുണ്ട്.

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍; കുല്‍ദീപ് പുറത്താകും?, പകരമെത്തുക അപ്രതീക്ഷിത താരം; ഇന്ത്യയുടെ സാധ്യതാ ടീം

രവീന്ദ്ര ജഡേജയാകട്ടെ നാലു മത്സരങ്ങളില്‍ നാലു വിക്കറ്റെ വീഴ്ത്തിയുള്ളൂവെങ്കിലും റണ്‍വഴങ്ങുന്നതിലെ പിശുക്കുമൂലം എതിരാളികളെ സമ്മര്‍ദ്ദത്തലാക്കാന്‍ കഴിഞ്ഞിരുന്നു. ബാറ്റിംഗില്‍ കാര്യമായി ശോഭിക്കാന്‍ എട്ടാമനായി ക്രീസിലെത്തുന്ന ജഡേജക്ക് പക്ഷെ കഴിഞ്ഞിട്ടില്ല. നാലു മത്സരങ്ങളില്‍ ഒരു നോട്ടൗട്ട് അടക്കം 18 റണ്‍സ് മാത്രമാണ് ജഡേജ നേടിയത്. നാളത്തെ കിരീടപ്പോരാട്ടത്തിലെ താരം ഇവരില്‍ ഒരാള്‍ ആയിരിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരുമിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക