നാല്‍പതാം ഓവറില്‍ ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ പന്തില്‍ പന്ത് കട്ട് ചെയ്യാനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ശ്രമം

ഹൈദരാബാദ്: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താകലില്‍ വിവാദം കെട്ടടങ്ങുന്നില്ല. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 40-ാം ഓവറില്‍ പാണ്ഡ്യയുടെ പുറത്താകല്‍ മൂന്നാം അംപയറുടെ തെറ്റായ തീരുമാനത്തിലാണ് എന്ന വിമര്‍ശനം ശക്തമായിരിക്കേ ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പന്ത് ബെയ്‌ല്‍സില്‍ കൊള്ളാതെ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ കൈകളില്‍ എത്തുകയായിരുന്നു എന്നാണ് ശാസ്‌ത്രിയുടെ വാദം. 

'ഓ, അത് ഔട്ട് നല്‍കി. ഡാരില്‍ മിച്ചല്‍ സന്തോഷവാനായിരിക്കും. തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാകും. പന്ത് സ്റ്റംപ് കടന്നുപോകുന്നതും വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് എവിടെയാണെന്നും വീണ്ടും പരിശോധിച്ചാല്‍ വ്യക്തമാകുന്നത് ഇതാണ്, സ്റ്റംപിനേക്കാള്‍ കുറഞ്ഞത് ഒരിഞ്ചോ ഒന്നര ഇഞ്ചോ ഉയരത്തിലാണ് പന്തുണ്ടായിരുന്നത് എന്ന് വ്യക്തമാകും. പന്ത് ഗ്ലൗസിലേക്ക് എത്തുമ്പോള്‍ സ്റ്റംപിലെ ചുവന്ന ലൈറ്റ് കത്തുന്നുണ്ടായിരുന്നില്ല. പന്തിനേക്കാള്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസാണ് ബെയ്‌ല്‍സുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്' എന്നും രവി ശാസ്‌ത്രി പറഞ്ഞു. 

നാല്‍പതാം ഓവറില്‍ ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ പന്തില്‍ പന്ത് കട്ട് ചെയ്യാനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ശ്രമം. എന്നാല്‍ പന്ത് മിസായപ്പോള്‍ ബെയ്‌ല്‍സ് ഇളകി. ന്യൂസിലന്‍ഡ് താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍മാര്‍ ഇത് വിക്കറ്റാണോ എന്ന് പരിശോധിക്കാന്‍ ടെലിവിഷന്‍ അംപയറുടെ സഹായം തേടി. പന്ത് പാണ്ഡ്യയുടെ ബാറ്റില്‍ തട്ടിയിട്ടില്ല എന്ന് റിപ്ലേകളില്‍ വ്യക്തമായപ്പോള്‍, ബോള്‍ സ്റ്റംപിന് മുകളിലൂടെ ലാഥമിന്‍റെ കൈകളിലെത്തിയതായാണ് റിപ്ലേകളില്‍ തെളിഞ്ഞത്. എന്നാല്‍ പന്ത് വിക്കറ്റില്‍ കൊണ്ട ശേഷമാണ് ടോം ലാഥമിന്‍റെ ഗ്ലൗസിലെത്തിയത് എന്ന് ടിവി അംപയര്‍ വിധിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ 38 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 28 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു നിര്‍ഭാഗ്യകരമായ സംഭവം. 

'ഇതൊക്കെ എന്ത് തീരുമാനമാണ്?' ഹാര്‍ദിക്കിന്റെ വിവാദ പുറത്താകലില്‍ പൊട്ടിത്തെറിച്ച് ഭാര്യ നടാഷ