കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുമ്പോള്‍ കേരള പൊലീസിനും ആരോഗ്യ പ്രവര്‍ത്തകരുടെ ബോധവല്‍ക്കരണത്തിനും കയ്യടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വൈറസിനെതിരായ ബോധവല്‍ക്കരണം എത്രകണ്ട് ഫലപ്രദമാണ് എന്ന് വ്യക്തമാക്കുന്നതാണ് കോഴിക്കോട് പേരാമ്പ്രയില്‍ നിന്നുള്ള വീഡിയോ. ഭക്ഷണവുമായി എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരോട്  വഴിയരികില്‍ കിടക്കുന്നയാളുടെ പെരുമാറ്റത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. 

അടുത്തേക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ കൈവീശി മാറ്റുന്നതും. പിന്നീട് ഷര്‍ട്ടുപയോഗിച്ച് മുഖം മറച്ച ശേഷം അല്‍പം അകലെ ഭക്ഷണം വയ്ക്കാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോ. ചുരുങ്ങിയ സമയത്തിനുള്ളിലാണ് മാധ്യമ പ്രവര്‍ത്തക പങ്കുവച്ച ദൃശ്യങ്ങള്‍ വൈറലായത്. ഈ വീഡിയോ പങ്കുവച്ച് ഗംഭീരമെന്നാണ് ആര്‍ അശ്വിന്‍ കുറിച്ചിരിക്കുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെ ആഈവശ്യകത വ്യക്തമാക്കുന്നതാണ് വീഡിയോ.