തിരുവനന്തപുരം: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ തിരുവനന്തപുരത്ത് വിന്‍ഡീസ് ജയത്തില്‍ നിര്‍ണായകമായ താരങ്ങളിലൊരാള്‍ നിക്കോളാസ് പുരാനാണ്. 171 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സെടുത്തു പുരാന്‍. രണ്ട് സിക്‌സുകള്‍ ഉള്‍പ്പെടെയായിരുന്നു വിന്‍ഡീസ് വിക്കറ്റ്‌കീപ്പറുടെ ബാറ്റിംഗ്. 

പുരാന്‍റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. പുരാന്‍ സ്‌പെഷ്യല്‍ ആണ് എന്നാണ് അശ്വിന്‍റെ പ്രശംസ. 

ജയത്തോടെ മൂന്ന് ടി20കളുടെ പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്. ഇന്ത്യയുടെ 170 റണ്‍സ് എട്ട് പന്ത് ബാക്കിനില്‍ക്കേയാണ് വെസ്റ്റ് ഇന്‍ഡീസ് മറികടന്നത്. പുരാനൊപ്പം പുറത്താകാതെ നിന്ന ലെന്‍ഡി സിമ്മന്‍സ് 67 റണ്‍സെടുത്തു. അന്താരാഷ്‌ട്ര ടി20 കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി(30 പന്തില്‍ 54) നേടിയ ശിവം ദുബെയുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മൂന്നാം ടി20 11-ാം തിയതി മുംബൈയില്‍ നടക്കും.