ശ്രീലങ്കൻ പരമ്പരയിൽ റൺസ് നേടിയെങ്കിലും റിഷഭ് പന്തിന്റെ ഷോട്ട് സെലക്ഷനെയും അഗ്രസീവ് ശൈലിയെയും ആർ അശ്വിൻ വിമർശിച്ചു. ടീമിന്റെ ആവശ്യത്തിനനുസരിച്ച് കൂടുതൽ ഉത്തരവാദിത്തത്തോടെ കളിക്കാൻ അശ്വിൻ പന്തിനോട് ആവശ്യപ്പെട്ടു.

ചെന്നൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ റണ്‍സ് നേടിയെങ്കിലും റിഷഭ് പന്തിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തനല്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പന്തിന്റെ ഷോട്ട് സെലക്ഷനെയും തീരുമാനങ്ങളെയുമ ചോദ്യം ചെയ്ത അശ്വിന്‍, തന്റെ അഗ്രസീവ് ശൈലിക്കപ്പുറം മാന്യമായ രീതിയില്‍ ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ താരം തയ്യാറാകണമെന്ന് അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്ത്' എന്ന പരിപാടിയിലാണ് അശ്വിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പരമ്പരയില്‍ രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 168 റണ്‍സ് പന്ത് നേടിയിരുന്നെങ്കിലും മോശം ഷോട്ട് സെലക്ഷന്‍ ചര്‍ച്ചയായിരുന്നു. 'റിഷഭ് പന്തില്‍ നിന്ന് ഞാന്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. സാഹചര്യം എന്താണെന്ന് മനസിലാക്കി കളിക്കേണ്ടത് ടീമിന് ആവശ്യമാണ്.' അശ്വിന്‍ പറഞ്ഞു. താരം ഒരു പ്രത്യേക ശൈലിയില്‍ മാത്രം കളിക്കുന്നവനാണെന്ന വാദത്തെയും അശ്വിന്‍ എതിര്‍ത്തു. സിഡ്‌നിയിലും ബ്രിസ്‌ബേനിലും പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, വാഷിംഗ്ടണ്‍ സുന്ദറിന്റെയും ഷാര്‍ദുല്‍ താക്കൂറിന്റെയും പിന്തുണ കൂടി ഉണ്ടായിരുന്നതുകൊണ്ടാണ് ആ മത്സരങ്ങള്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

'ഒരു ടെസ്റ്റ് മത്സരം വിജയിപ്പിക്കാന്‍ 11 കളിക്കാര്‍ ആവശ്യമാണ്, എന്നാല്‍ തോല്‍ക്കാന്‍ ഒരു നിമിഷത്തെ മണ്ടത്തരം മതി.' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 50ലധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പരിചയസമ്പന്നനായ പന്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീരേന്ദര്‍ സെവാഗ്, ആദം ഗില്‍ക്രിസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച അശ്വിന്‍, എത്ര ആക്രമണകാരിയായ ബാറ്ററാണെങ്കിലും സാഹചര്യത്തിനനുസരിച്ച് കളിക്കേണ്ടത് അത്യാവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ഡബ്ല്യു ടി സി പോരാട്ടം കടുക്കുന്നു

ശ്രീലങ്കക്കെതിരായ പരമ്പര 1-0 സ്വന്തമാക്കിയെങ്കിലും കൊളംബോയിലെ സമനില ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പര്യടനവും ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും ഇന്ത്യക്ക് നിര്‍ണായകമാണ്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന താരമെന്ന നിലയില്‍ പന്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ടത് ടീമിന് അത്യന്താപേക്ഷിതമാണെന്നാണ് അശ്വിന്റെ വിലയിരുത്തല്‍.

YouTube video player