ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന് മുമ്പ് രോഹിത് ശര്‍മയുടെ ഭാവിയെക്കുറിച്ച് ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ വസ്തുതയുണ്ടായിരുന്നുവെന്ന് രവിചന്ദ്രന്‍ അശ്വിന്‍. എന്നാല്‍ ലോര്‍ഡ്‌സിലെ സെഞ്ച്വറിയിലൂടെ രോഹിത് അതിന് മറുപടി നല്‍കിയെന്നും 2027 ലോകകപ്പ് കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവസാനത്തെ മത്സരം ആയിരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സ് നേടി രോഹിത് ശര്‍മ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ലോര്‍ഡ്‌സില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി രോഹിത് മാറി. ഇതോടെ വിരമിക്കല്‍ ചര്‍ച്ചകള്‍ക്കും വിരാമമായി. എന്നാലിപ്പോള്‍ ഏകദിനത്തിന് മുന്നേയുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ വസ്തുതകളുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.

അവസാന ഏകദിനത്തിന് മുമ്പ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും ഹെഡ് കോച്ച് ഗൗതം ഗംഭീറുമായും താരം തര്‍ക്കത്തിലാണെന്നും ഉള്ള തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മത്സരം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഈ ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയും, രോഹിത്തിന്റെ അവസാന മത്സരമല്ല ഇതെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ചില വസ്തുതകളുണ്ടായിരുന്നുവെന്നും എന്നാല്‍ തന്റെ പ്രകടനത്തിലൂടെ രോഹിത് അതിന് ചുട്ടമറുപടി നല്‍കിയെന്നും അശ്വിന്‍ വ്യക്തമാക്കി.

2027ലെ ഏകദിന ലോകകപ്പ് കളിക്കുന്നതില്‍ രോഹിത്തിന്റെ മനസ്സില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 ഐപിഎല്‍ സീസണിനിടെ പരിക്കേറ്റ് അഞ്ച് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന രോഹിത്, പരിക്കിന്റെ അവശതകളെയും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചാണ് ഈ സെഞ്ച്വറി നേടിയതെന്ന് അശ്വിന്‍ പ്രശംസിച്ചു. രോഹിത് പൂര്‍ണ ഫിറ്റ്നസിലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരെ കൂടുതല്‍ ആധിപത്യം പുലര്‍ത്താനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനും സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2027 ഏകദിന ലോകകപ്പിനുള്ള ടീമില്‍ രോഹിത്തിന്റേയും വിരാട് കോലിയുടെയും സ്ഥാനം സംബന്ധിച്ച് ടീം മാനേജ്മെന്റ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. മികച്ച ഫോമിലുള്ള വിരാട് കോലി ടീമില്‍ സ്ഥാനം ഉറപ്പാക്കുമ്പോള്‍, ശുഭ്മാന്‍ ഗില്ലിന് ഏകദിന നായകസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം രോഹിതിന്റെ പ്രകടനം കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു. എങ്കിലും ലോര്‍ഡ്‌സിലെ സെഞ്ച്വറി അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടിട്ടുണ്ട്. താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നിടത്തോളം കാലം സെലക്ടര്‍മാര്‍ക്കോ കോച്ചിനോ അവരെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് അശ്വിന്‍ വാദിച്ചു.

YouTube video player