2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി ബിസിസിഐ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നു. മനപൂര്‍വ്വം നോ-ബോള്‍ എറിയുന്നതിന് സസ്പെന്‍ഷന്‍, ദിവസാവസാന ഓവര്‍ പൂര്‍ത്തിയാക്കല്‍, അവസാന ഇന്നിംഗ്സ് ഡിക്ലറേഷന് വിലക്ക് എന്നിവ പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
മുംബൈ: 2026-27 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി പ്ലേയിംഗ് കണ്ടീഷനുകളില്‍ നിര്‍ണായക ഭേദഗതികളുമായി ബിസിസിഐ. ബോളിംഗ് വിഭാഗം മുതല്‍ കോച്ചിംഗ് രീതികള്‍ വരെയുള്ള വിവിധ മേഖലകളില്‍ പുതിയ കര്‍ശന നിയമങ്ങളാണ് ബിസിസിഐ നടപ്പിലാക്കുന്നത്. മേരിലീബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങള്‍. എല്ലാ സ്റ്റേറ്റ് അസോസിയേഷനുകള്‍ക്കും ബിസിസിഐ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു. അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.
ബോളിംഗില്‍ കര്‍ശന ശിക്ഷ: മത്സരത്തില്‍ നിന്നും സസ്പെന്‍ഷന്‍
വരാനിരിക്കുന്ന സീസണ്‍ മുതല്‍ മനപൂര്‍വ്വം നോ-ബോള്‍ എറിയുന്ന ബോളറെ മത്സരത്തിലെ ശേഷിക്കുന്ന മുഴുവന്‍ ദിവസങ്ങളിലും സസ്പെന്‍ഡ് ചെയ്യും. അതായത് ആ ബോളര്‍ക്ക് മത്സരത്തില്‍ ഇനി പന്തെറിയാന്‍ സാധിക്കില്ല. എങ്കിലും ഈ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായിരിക്കും അന്തിമ തീരുമാനം എടുക്കുക. പഴയ രീതി പ്രകാരം മനപൂര്‍വം നോ-ബോളുകള്‍ എറിയുന്നതോ പന്ത് കൃത്യമായി പിച്ചില്‍ എത്താതിരിക്കുന്നതോ ആയ സന്ദര്‍ഭങ്ങളില്‍ ബോളറെ ആ ഇന്നിംഗ്സില്‍ മാത്രമായിരുന്നു സസ്പെന്‍ഡ് ചെയ്തിരുന്നത്.
ദിവസാവസാനത്തിലെ അവസാന ഓവര്‍ നിര്‍ബന്ധം
ദിവസത്തിലെ അവസാന ഓവറില്‍ വിക്കറ്റ് വീണാലും ആ ഓവര്‍ പൂര്‍ണ്ണമായി എറിഞ്ഞു തീര്‍ക്കണം. വൈകുന്നേരങ്ങളില്‍ പുതിയ ബാറ്റ്സ്മാനെ ക്രീസിലേക്ക് അയക്കുന്നത് ഒഴിവാക്കാന്‍ ടീമുകള്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടാണ് എംസിസിയും ബിസിസിഐയും നിയമത്തില്‍ ഭേദഗതി വരുത്തിയത്. ദിവസത്തെ കളിയുടെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ ഉടന്‍ തന്നെ സ്റ്റമ്പ് ചെയ്യുകയും കളി അവസാനിക്കുകയും ചെയ്യുന്നതായിരുന്നു രീതി.
അവസാന ഇന്നിംഗ്സ് ഡിക്ലറേഷന് വിലക്ക്
മത്സരത്തിന്റെ അവസാന ഇന്നിംഗ്സില്‍ ടീമുകള്‍ക്ക് ഇനിമുതല്‍ ഡിക്ലറേഷന്‍ ചെയ്യാനോ ഇന്നിംഗ്സ് വിട്ടുകൊടുക്കാനോ അനുവാദമില്ല. കൃത്രിമമായ ഫലങ്ങളിലേക്ക് നയിക്കുന്നതും ക്രിക്കറ്റിന്റെ അന്തസ്സിന് നിരക്കാത്തതുമായ രീതികള്‍ തടയാനാണ് ഈ കര്‍ശന നടപടി.
ഹെഡ് കോച്ചിന് ഫീല്‍ഡില്‍ പ്രവേശിക്കാം
ആഭ്യന്തര ഏകദിന മത്സരങ്ങളിലെ ഡ്രിങ്ക്സ് ബ്രേക്ക് സമയത്ത് ടീമിന്റെ ഹെഡ് കോച്ചിന് കളിക്കളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐസിസിയും സമാനമായ ഒരു നിയമമാറ്റം നിര്‍ദ്ദേശിച്ചിട്ടുള്ളതിന്റെ ചുവടുപിടിച്ചാണ് ഈ തീരുമാനം.
വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ആശ്വാസം
ബോളര്‍ റണ്‍-അപ്പ് ആരംഭിക്കുമ്പോള്‍ മുതല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസുകള്‍ സ്റ്റമ്പിന് പിന്നില്‍ തന്നെ ഉണ്ടായിരിക്കണം എന്നായിരുന്നു ചട്ടം. ഇതില്‍ ചെറിയ പിഴവുകള്‍ വന്നാല്‍ പോലും നോ-ബോള്‍ വിളിക്കുകയോ സ്റ്റമ്പിംഗ് അസാധുവാകുകയോ ചെയ്തിരുന്നു. ഇനിമുതല്‍ പന്ത് എറിയുന്ന കൃത്യം ആ നിമിഷത്തില്‍ മാത്രം കീപ്പറുടെ ഗ്ലൗസുകള്‍ സ്റ്റമ്പിന് പിന്നില്‍ ആയിരുന്നാല്‍ മതിയാകും.
അടുത്ത ഘട്ടങ്ങള്‍
ദുലീപ് ട്രോഫിയോടെ ആരംഭിക്കുന്ന ആഭ്യന്തര സീസണിന് മുന്നോടിയായി സംസ്ഥാന അസോസിയേഷനുകള്‍ അമ്പയര്‍മാരെയും മാച്ച് റഫറിമാരെയും പുതിയ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരിച്ച് വരികയാണ്. ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പ്രോഗ്രാമുകളും സംഘടിപ്പിക്കും. സീസണ്‍ ആരംഭിക്കാന്‍ ഏകദേശം ഒരു മാസം കൂടി ബാക്കിയുള്ളതിനാല്‍ ഈ മാറ്റങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

