അഞ്ചാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബൗളര്‍മാര്‍ പന്തിലെ പ്രശ്നങ്ങള്‍ അമ്പയറോട് ചൂണ്ടിക്കാട്ടി. ബോളിലെ പ്രശ്നങ്ങള്‍ ഇന്ത്യൻ താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനെ ലീഡ്സിലെ കാണികള്‍ കൂവലോടെയാണ് വരവേറ്റത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരാ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ അഞ്ചാം ദിനം ഗ്രൗണ്ടില്‍ കണ്ടത് നാടകീയരംഗങ്ങള്‍. മത്സരത്തിനുപയോഗിക്കുന്ന ഡ്യൂക്ക് പന്തുകളുടെ ഷേപ്പ് പെട്ടെന്ന് മാറുന്നത് ഇന്ത്യൻ ബൗളര്‍മാര്‍ ആദ്യ ഇന്നിംഗ്സില്‍ തന്നെ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. പന്തിന്‍റെ ഷേപ്പിനെക്കുറിച്ച് പരാതിപ്പെട്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അമ്പയര്‍ പോള്‍ റീഫലിനെ സമീപിച്ചെങ്കിലും പന്ത് പരിശോധിച്ച അദ്ദേഹം പന്ത് മാറ്റാന്‍ തയാറായില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് റിഷഭ് പന്ത് ബോള്‍ വലിച്ചെറിഞ്ഞതിന് ഐസിസി അച്ചടക്ക നടപടിയെടുക്കുകയും ചെയ്തു.

അഞ്ചാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ ബൗളര്‍മാര്‍ പന്തിലെ പ്രശ്നങ്ങള്‍ അമ്പയറോട് ചൂണ്ടിക്കാട്ടി. ബോളിലെ പ്രശ്നങ്ങള്‍ ഇന്ത്യൻ താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനെ ലീഡ്സിലെ കാണികള്‍ കൂവലോടെയാണ് വരവേറ്റത്. ഒടുവില്‍ ലഞ്ചിന് മുമ്പ് 28 ാം ഓവറില്‍ പന്ത് പരിശോധിച്ച അമ്പയര്‍ ക്രിസ് ഗഫാനി പന്ത് മാറ്റാന്‍ തീരുമാനിച്ചു. നാലാം അമ്പയറെ വിളിച്ച് പുതിയ പന്ത് എടുത്തതോടെ ബൗളിംഗ് എന്‍ഡിലുണ്ടായിരുന്ന ജഡേജ ഗഫാനിയുടെ അടുത്തെത്തി മുഖത്തുനോക്കി മുഷ്ടിചുരുട്ടി ആഘോഷിക്കുകയും ചെയ്തു. ജഡേജയുടെ ആഘോഷത്തെ ചിരിയോടെയാണ് ഗഫാനി നേരിട്ടതെങ്കിലും ഇതിന്‍റെ പേരില്‍ അച്ചടക്ക നടപടി വരുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. പന്ത് മാറ്റിയതിന്‍റെ പേരില്‍ ഒരു താരം അമ്പയറുടെ മുഖത്തുനോക്കി ആഘോഷിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നായിരുന്നു കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പ്രതികരണം.

അവസാന ദിനം 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് മികച്ച നിലയിലാണി ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്‍റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചു നില്‍ക്കുകയാണ്. അവസാന ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 165 റണ്‍സെന്ന നിലയിലാണ്. 95 റൺസുമായി ബെന്‍ ഡക്കറ്റും 57 റണ്‍സുമായി സാക് ക്രോളിയും ക്രീസില്‍. 10 വിക്കറ്റും 58 ഓവറും ബാക്കിയിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഇനി 206 റണ്‍സ് മതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക