ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്സണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്.

ലീഡ്സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ അവസാന ദിനം 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് മികച്ച നിലയില്‍. അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സെടുത്തിട്ടുണ്ട്. 64 റൺസുമായി ബെന്‍ ഡക്കറ്റും 42 റണ്‍സുമായി സാക് ക്രോളിയും ക്രീസില്‍.10 വിക്കറ്റും 66 ഓവറുകളും രണ്ട് സെഷനുകളും ബാക്കിയിരിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനി 254 റണ്‍സ് കൂടി മതി.

അവസാന ദിനം ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്‍റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചു നിന്നതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ മങ്ങി. ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്സണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബുമ്രയുടെ സ്പെല്‍ അവസാനിച്ച് പ്രസിദ്ധും ഷാര്‍ദ്ദുല്‍ താക്കൂറും പന്തെറിയാനെത്തിയതോടെ സ്കോറിംഗ് വേഗം കൂട്ടിയ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അടിവെച്ച് അടിവെച്ച് ലക്ഷ്യത്തോട് അടുക്കുകയാണ്. ബുമ്രക്കും ജഡേജക്കുമൊഴികെ ആര്‍ക്കും ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പരീക്ഷിക്കാനുമായില്ല.

ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ മുന്നേറുന്നത്. ആദ്യ സെഷനില്‍ വിക്കറ്റ് വീഴാതെ പിടിച്ചു നിന്നതോടെ അടുത്ത രണ്ട് സെഷനില്‍ തകര്‍ത്തടിച്ച് ലക്ഷ്യത്തിലെത്തുക എന്നതാവും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. അവസാന ദിവസവും മഴ പ്രവചനമുണ്ടെങ്കിലും ഇതുവരെ മത്സരത്തില്‍ മഴ വില്ലനായിട്ടില്ല.

ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ 364 റണ്‍സിന് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. 31 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 471 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 465 റണ്‍സിന് ഓൾ ഔട്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക