ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ 66 പന്തില്‍ 62 റണ്‍സ് എടുത്ത് നില്‍ക്കേ സര്‍ഫറാസ് ഖാന്‍ അപ്രതീക്ഷിതമായി മാര്‍ക് വുഡിന്‍റെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ യുവ ബാറ്റര്‍ സര്‍ഫറാസ് ഖാനെ റണ്ണൗട്ടാക്കിയത് രവീന്ദ്ര ജഡേജയുടെ പിഴവ് തന്നെയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്. രാജ്കോട്ട് വേദിയായ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനമായിരുന്നു നിര്‍ഭാഗ്യത്തോടെ സര്‍ഫറാസ് പുറത്തായത്. എന്നാല്‍ സര്‍ഫറാസ് ഖാന്‍റെ വിക്കറ്റ് നഷ്ടമാക്കിയതിലുള്ള കുറ്റബോധം രവീന്ദ്ര ജഡേജയുടെ ശരീരഭാഷയില്‍ കാണാനായി എന്നും എബിഡി വ്യക്തമാക്കി.

'സര്‍ഫറാസ് ഖാന്‍ 60 റണ്‍സ് പിന്നിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ അദേഹത്തെ റണ്ണൗട്ടാക്കി. ജഡേജയാണ് ഇവിടെ കുറ്റക്കാരനെങ്കിലും സെഞ്ചുറി തികച്ചപ്പോള്‍ എല്ലാ പ്രയാസവും കുറ്റബോധവും ജഡ്ഡുവിന്‍റെ ശരീരഭാഷയില്‍ കണ്ടു. വളരെ ശാന്തനായാണ് രവീന്ദ്ര ജഡേജ തന്‍റെ സെഞ്ചുറി ആഘോഷിച്ചത്. സര്‍ഫറാസ് ഖാനെ റണ്ണൗട്ടാക്കിയതിന്‍റെ എല്ലാ നിരാശയും ജഡേജയ്ക്കുണ്ടായിരുന്നു. വിക്കറ്റ് നഷ്ടമായതിന്‍റെ ഉത്തരവാദിത്തം സീനിയര്‍ താരം ഏറ്റെടുക്കുന്നത് മാതൃകാപരമാണ്' എന്നും എബിഡി തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

അതൊരു മനോഹര കാഴ്‌ച

'ടീം ഇന്ത്യക്കായുള്ള കന്നി ടെസ്റ്റ് മത്സരത്തില്‍ സര്‍ഫറാസ് ഖാന്‍റെ കുടുംബത്തെ സ്റ്റേഡിയത്തില്‍ കാണാനായത് മഹത്തരമാണ്. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഞാനും സര്‍ഫറാസും ഒരുമിച്ചുണ്ടായിരുന്നു. സര്‍ഫറാസിന്‍റെ കാര്യത്തില്‍ അഭിമാനമുണ്ട്. അര്‍ധസെഞ്ചുറി നേടിയപ്പോള്‍ സര്‍ഫറാസ് ഖാന്‍റെ പിതാവ് ചുംബനം നല്‍കുന്നതും താരം തിരികെ നല്‍കുന്നതും മത്സരം കാണാന്‍ പ്രേരിപ്പിച്ച ഹൃദയസ്പര്‍ശിയായ കാഴ്ചയായി' എന്നും എ ബി ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു. 

രാജ്കോട്ട് ടെസ്റ്റിന്‍റെ ഒന്നാം ദിനം ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ 66 പന്തില്‍ 62 റണ്‍സ് എടുത്ത് നില്‍ക്കേ സര്‍ഫറാസ് ഖാന്‍ റണ്ണൗട്ടാവുകയായിരുന്നു. തന്‍റെ വ്യക്തിഗത സ്കോര്‍ 99ല്‍ നില്‍ക്കേ സെഞ്ചുറി തികയ്ക്കാന്‍ ജഡ്ഡു അശ്രദ്ധയോടെ സിംഗിളിന് ശ്രമിച്ചപ്പോഴാണ് സര്‍ഫറാസിന്‍റെ വിക്കറ്റ് നഷ്ടമായത്. ജഡേജയുടെ വിളി കേട്ട് സര്‍ഫറാസ് ഓടിത്തുടങ്ങിയെങ്കിലും ജഡ്ഡു സ്ട്രൈക്കര്‍ ക്രീസിലേക്ക് മടങ്ങിപ്പോവുകയും യുവതാരം മാര്‍ക് വുഡിന്‍റെ ത്രോയില്‍ അപ്രതീക്ഷിതമായി റണ്ണൗട്ടാവുകയുമായിരുന്നു. ഡ്രസിംഗ് റൂമിലിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇതോടെ തൊപ്പി വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിക്കുന്നത് തല്‍സമയം ആരാധകര്‍ കണ്ടു.

റണ്ണൗട്ടില്‍ സര്‍ഫറാസിനോട് ക്ഷമ ചോദിച്ച് മത്സര ശേഷം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ക്രിക്കറ്റാവുമ്പോള്‍ റണ്ണൗട്ട് സംഭവിക്കും എന്നായിരുന്നു വിക്കറ്റിനോട് സര്‍ഫറാസ് ഖാന്‍റെ പ്രതികരണം. 

Read more: ടെസ്റ്റ് റാങ്കിംഗ്: ഞെട്ടിച്ച് യശസ്വി ജയ്സ്വാള്‍; ജഡേജ, രോഹിത്, അശ്വിന്‍ കൊടുങ്കാറ്റ്! ആകെ ഇന്ത്യന്‍ കുത്തക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം