നായകസ്ഥാനത്തുനിന്ന് മാറ്റപ്പെട്ടത് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും ടീമിന്റെ പ്രകടനത്തിന്റെ ഉത്തരവാദിത്തം ക്യാപ്റ്റന്റെ ചുമലിലാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: 2022 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനായിരുന്ന രവീന്ദ്ര ജഡേജയെ ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ മാറ്റിയിരുന്നു. സ്ഥിരം ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എംഎസ് ധോണി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ജഡേജയെ പുതിയ നായകനാക്കി നിയമിച്ചിരുന്നത്. എന്നാല്‍ ആദ്യ നാല് മത്സരങ്ങളില്‍ സിഎസ്‌കെ തോല്‍ക്കുകയും പോയിന്റ് പട്ടികയില്‍ ഏറ്റവും താഴേയ്ക്ക് വീഴുകയും ചെയ്തു. ഇതോടെ എട്ട് മത്സരത്തിന് ശേഷം ജഡേജയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും ധോണി വീണ്ടും ക്യാപ്റ്റനാക്കുകയും ചെയ്തു.

അന്ന് നായകസ്ഥാനത്ത് നിന്ന് നീക്കിയതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ജഡേജ. ''അത് വലിയ ബുദ്ധിമുട്ടായിരുന്നു. ടി20 ക്രിക്കറ്റില്‍, ഓരോ പന്തും ഓരോ സംഭവമാണ്. വേഗതയേറിയ കളിയാണ്, പക്ഷേ എനിക്ക് അതൊരു അനുഭവമായിരുന്നു. എനിക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയില്‍, ടീം നന്നായി കളിക്കുന്നില്ലെങ്കില്‍ എല്ലാ കുറ്റവും ക്യാപ്റ്റന്‍സിയുടെ മേലാണ്. ചിന്തിക്കുക, ബൗളിംഗ് മാറ്റങ്ങള്‍, ഫീല്‍ഡിംഗ് അവസരങ്ങള്‍. നിര്‍ഭാഗ്യവശാല്‍, ടീം നന്നായി കളിച്ചില്ല.'' ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തില്‍ ജഡേജ പറഞ്ഞു. 

ജഡ്ഡു തുടര്‍ന്നു... ''ബാറ്റ്സ്മാന്മാരും ബൗളര്‍മാരും സംഭാവന നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ടി20 ഫോര്‍മാറ്റില്‍ വിജയിക്കാന്‍ കഴിയില്ല. എനിക്ക് കൂടുതല്‍ നന്നായി ചെയ്യാമായിരുന്നു, വ്യത്യസ്തമായി ചെയ്യാമായിരുന്നു. നല്ല പ്രകടനം കാഴ്ചവച്ചാല്‍ എല്ലാം നന്നായി കാണപ്പെടും. ടി20 ഫോര്‍മാറ്റില്‍, ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റേണ്ടതുണ്ട്.'' ജഡേജ വ്യക്തമാക്കി.

ആ സീസണി ശേഷം, ജഡേജയും സിഎസ്‌കെയും തമ്മിലുള്ള വിള്ളലിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം വരാനിരിക്കുന്ന സീസണില്‍ അദ്ദേഹം ഫ്രാഞ്ചൈസിയുമായി പിരിയുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ അടുത്ത സീസമണിലും മാനേജ്‌മെന്റ് അദ്ദേഹത്തെ നിലനിര്‍ത്തി. 2023ല്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുകയും ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ മാച്ച് വിന്നിംഗ് പ്രകടനത്തിലൂടെ ടീമിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കുകയും ചെയ്തതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായി.