റിഷഭ് പന്തിന്റെ സെഞ്ചുറിയെക്കുറിച്ചുള്ള കമന്റേറ്റര്‍മാരുടെ പ്രസ്താവനകളെ എബി ഡിവില്ലിയേഴ്‌സ് വിമര്‍ശിച്ചു. ബുദ്ധിമുട്ടുള്ള പിച്ചില്‍ പന്തിന് ഇത്തരത്തില്‍ കളിക്കാനാവില്ലെന്ന കമന്റേറ്റര്‍മാരുടെ വാദത്തെ ഡിവില്ലിയേഴ്‌സ് തള്ളിക്കളഞ്ഞു.

കേപ്ടൗണ്‍: സെഞ്ചുറിയോടെയാണ് ഐപിഎല്‍ 18-ാം സീസണിന് റിഷഭ് പന്ത് വിരാമമിട്ടത്. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലായിരുന്ന പന്ത് ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നാല്‍ അവസാന മത്സരത്തിലെ സെഞ്ചുറി താരത്തിന് ആശ്വാസം പകര്‍ന്നു. ഐപിഎല്‍ ലീഗ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ ആര്‍സിബിക്കെതിരെയാണ് പന്ത് സെഞ്ചുറി നേടിയത്. 61 പന്തുകള്‍ നേരിട്ട താരം 118 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഫ്‌ളാറ്റ് പിച്ചായതുകൊണ്ടാണ് പന്തിന് സെഞ്ചുറി നേടാന്‍ കഴിഞ്ഞതെന്നുള്ള വാദങ്ങളുണ്ടായിരുന്നു. ബുദ്ധിമുട്ടേറിയ ട്രാക്കില്‍ പന്തിന് ഇത്തരത്തില്‍ കളിക്കാനാവില്ലെന്നുള്ളതായിരുന്നു വാദം.

കമന്റേറ്റര്‍മാരും ഇക്കാര്യം പറഞ്ഞിരുന്നു. അത്തരമൊരു വാദത്തിനെതിരെ സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. അദ്ദേഹം യുട്യൂബ് ചാനലില്‍ പറഞ്ഞതിങ്ങനെ... ''കമന്റേറ്റര്‍മാരുടെ വാക്കുകള്‍ ഞാന്‍ ശ്രദ്ധിച്ചു. സത്യം പറഞ്ഞാല്‍, അത് എന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചു.'' എബിഡി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ആര്‍സിബിയുടെ ബൗളിംഗ് സമ്മര്‍ദ്ദത്തിലാണ്. അവര്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്നൊക്കെ കമന്റേറ്റര്‍മാര്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം സംഭാഷണങ്ങള്‍ അനാവശ്യമാണ്.'' ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. 

അദ്ദേഹം തുടര്‍ന്നു... ''ആര്‍സിബി ഒരിക്കലും ഒരു കിരീടം നേടിയിട്ടില്ല. പക്ഷേ മൈതാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ശരിയായി വിശകലനം ചെയ്യാതെ, 'ഇതാ വീണ്ടും. ബൗളര്‍മാര്‍ പരാജയപ്പെടുന്നു, അവര്‍ക്ക് കഴിയുന്നില്ല' എന്നൊക്കെ പറയുന്നത് കുറച്ച് കടുപ്പമാണ്.'' ഡിവില്ലിയേഴ്‌സ് വ്യക്തകമാക്കി. ''ബുദ്ധിമുട്ടുള്ള ഒരു പിച്ചില്‍ റിഷഭ് പന്ത് 60-ഓളം പന്തുകളില്‍ നിന്ന് 118 റണ്‍സ് നേടാന്‍ പോകുന്നില്ലെന്നും, എല്ലാ ലക്‌നൗ ബാറ്റ്സ്മാന്‍മാരും അവിടെ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ കേട്ടിരിക്കാന്‍ തോന്നാറില്ല. എനിക്ക് ദേഷ്യമാണ് വന്നത്.'' ഡിവില്ലിയേഴ്‌സ് കൂട്ടിചേര്‍ത്തു.

എന്തായാലും മത്സരം ആര്‍സിബി സ്വന്തമാക്കിയിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായി ക്വാളിഫയറിന് യോഗ്യത നേടാനും ആര്‍സിബിക്ക് സാധിച്ചു. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ആര്‍സിബി മത്സരം സ്വന്തമാക്കിയത്.