Asianet News MalayalamAsianet News Malayalam

ഗുജറാത്തിൽ രാഷ്ട്രീയ പോര്; ജഡേജയുടെ വീട്ടിൽ 'നാത്തൂൻ പോര്', റിവാബക്കെതിരെ ആരോപണമുന്നയിച്ച് നയ്നാബ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റിവാബ കുട്ടികളെ ഉപയോ​ഗിച്ചെന്നാണ് പ്രധാന ആരോപണം. ഇതിനെതിരെ പരാതി നൽകുമെന്നും നയ്നാബ തുറന്നടിച്ചു

Ravindra Jadeja's sister accuses Rivaba of using children in campaigning
Author
First Published Nov 23, 2022, 6:17 PM IST

രാ​​ജ്കോട്ട്: ​ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പോര് ചൂടുപിടിക്കുന്നതിനിടെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വീട്ടിലും തെരഞ്ഞെടുപ്പ് പോര് കനക്കുകയാണ്. ഭാര്യ റിവാബ ജഡേജ ഇക്കുറി ബിജെപി സ്ഥാനാർഥിയായി ജാംന​ഗർ നോർത്തിൽ മത്സരിക്കുന്നുണ്ട്. സഹോദരി നയ്നാബയാകട്ടെ കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകയും മണ്ഡലത്തിലെ കോൺ​ഗ്രസ് പ്രചാരണത്തിന്റെ മുഖ്യചുമതലക്കാരിയുമാണ് . കോൺ​ഗ്രസിനെ ജയിപ്പിക്കാൻ അരയും തലയും മുറുക്കിത്തന്നെയാണ് നയ്നാബയും രം​ഗത്തിറങ്ങിയിരിക്കുന്നത്. കോൺ​ഗ്രസിന്റെ പ്രചാരകരിൽ പ്രധാനിയാണ് നയ്നാബ. കഴിഞ്ഞ ദിവസം റിവാബക്കെതിരെ നയ്നാബ വാർത്താ സമ്മേളനം വിളിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റിവാബ കുട്ടികളെ ഉപയോ​ഗിച്ചെന്നാണ് പ്രധാന ആരോപണം. ഇതിനെതിരെ പരാതി നൽകുമെന്നും നയ്നാബ തുറന്നടിച്ചു. ''കുട്ടികളെ ഉപയോ​ഗിച്ച് സഹതാപം നേടാനാണ് റിവാബ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് ഈ വിഷയം ഉന്നയിച്ച് പരാതി നൽകും. രാജ്കോട്ടിലാണ് റിവാബക്ക് വോട്ട്. എന്നാൽ മത്സരിക്കുന്നതാകട്ടെ ജാംന​ഗറിലും. സഹോദരൻ രവീന്ദ്ര ജഡേജയുടെ പേര് വോട്ടുനേടാനായി ഉപയോ​ഗിക്കുകയാണ്. നാമനിർദേശ പത്രികയിൽ റിവാ സിങ് ഹർദേവ് സിങ് സോളങ്കി എന്നാണ് അവരുടെ പേര്. ബ്രാക്കറ്റിൽ രവീന്ദ്ര ജഡേജയുടെ പേര് ഉപയോ​ഗിച്ചിരിക്കുന്നു. വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായിട്ടും അവർ പേര് മാറ്റിയിട്ടില്ല. എന്നാൽ‌ രവീന്ദ്ര ജഡേജയുടെ പേര് വോട്ടിനായി ഉപയോ​ഗിക്കുകയും ചെയ്യുന്നു''- നയ്നാബ ആരോപിച്ചു. 

'ഗുജറാത്തിൽ ആപ്പ് അധികാരത്തിലെത്തും'; ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് കെജ്രിവാൾ

ജാം​ഗനർ നോർത്തിൽ നേർക്കുനേർ പോരാട്ടമാണ് ഇരുവരും തമ്മിൽ. സിറ്റിങ് എംഎൽഎ ബീബേന്ദ്ര സിങ് ജഡേജയാണ് കോൺ​ഗ്രസ് സ്ഥാനാർഥി. പ്രചാരണത്തിന്റെ മുഖ്യചുമതലയാകട്ടെ നയ്നാബയെയാണ് കോൺ​ഗ്രസ് ഏൽപ്പിച്ചിരിക്കുന്നത്. മണ്ഡലത്തിൽ തന്നെയുള്ള എംഎൽഎയെയാണ് ജാന​ഗറിന് ആവശ്യമെന്നും കോൺ​ഗ്രസ് സ്ഥാനാർഥി ജയിക്കണമെന്നും നയ്നാബ പറഞ്ഞു. നിലവിൽ കോൺ​ഗ്രസ് മണ്ഡലമാണ് ജാം​ന​ഗർ നോർത്ത്. ബീബേന്ദ്ര സിങ് ജഡേജ 41000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2017ൽ ജയിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാണ് ബിജെപി ഇക്കുറി റിവാബയെ രം​ഗത്തിറക്കിയത്. റിവാബയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Follow Us:
Download App:
  • android
  • ios