പൂനെ: അപ്രതീക്ഷിതമായിട്ടാണ് ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിന് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം നഷ്ടമായത്. ഫോമിലല്ലെങ്കിലും ഒന്നോ രണ്ടോ അവസരം കൂടി ലഭിക്കുമെന്ന് പരക്കെ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയാണ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്ത്രി.

ഹോംഗ്രൗണ്ടില്‍ ലോകത്തെ മികച്ച വിക്കറ്റ് കീപ്പറാണ് സാഹയെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു... ''പന്ത് ചെറുപ്പമാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ചുറി നേടിയിട്ടുള്ള അദ്ദേഹം പ്രതിഭാധനനാണെന്ന് സംശയമൊന്നുമില്ല. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ പന്ത് ഇനിയും മെച്ചപ്പെടാനുണ്ട്.  മെച്ചപ്പെടുത്താന്‍ ധാരാളം സമയം അദ്ദേഹത്തിന് മുന്നിലുണ്ട്. 

ഹോംഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ സാഹ ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പറായി മാറുന്നു. അദ്ദേഹത്തിന്റെ കീപ്പിങ് മികവ് വളരെ വിലപ്പെട്ടതാണ്. മാത്രമല്ല, സാഹയയ്ക്ക് പരിക്കേറ്റത് കൊണ്ടാണ് നേരത്തെ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുത്.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി.