ബെംഗളൂരുവിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

ബെംഗളൂരു: ബെംഗളൂരുവില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സഹായ ഫണ്ട് രൂപീകരിക്കുമെന്നും ഫ്രാഞ്ചൈസി അറിയിച്ചു. ആര്‍സിബിയുടെ ഐപിഎല്‍ കിരീടം നേട്ടം ആഘോഷിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടം നടന്നത്. ജനക്കൂട്ടത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പാസുള്ളവര്‍ക്ക് മാത്രമുള്ള പരിപാടി ആയിരുന്നെങ്കിലും, വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

ദുരന്തത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി 'ആര്‍സിബി കെയേഴ്‌സ്' എന്ന പേരില്‍ ഒരു ഫണ്ടും രൂപീകരിച്ചു. ഇക്കാര്യത്തില്‍ ആര്‍സിബിയുടെ വിശദീകരണം ഇങ്ങനെ... ''ബെംഗളൂരുവില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവം ആര്‍സിബി കുടുംബത്തിന് വളരെയധികം വേദനയുണ്ടാക്കി. അവരുടെ നഷ്ടത്തില്‍ ഞങ്ങള്‍ പങ്കുക്കൊള്ളുന്നു. മരിച്ചവരുടെ പതിനൊന്ന് കുടുംബങ്ങള്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയാണ്. കൂടാതെ, ഈ ദാരുണമായ സംഭവത്തില്‍ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആര്‍സിബി കെയേഴ്സ് എന്ന പേരില്‍ ഒരു ഫണ്ടും രൂപീകരിക്കുന്നു. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ആരാധകര്‍ എപ്പോഴും കൂടെയുണ്ടാകും. ദുഃഖത്തില്‍ ഞങ്ങള്‍ ഐക്യപ്പെട്ടിരിക്കും.'' ആര്‍സിബിയുടെ പ്രസ്താവനയില്‍ പറയുന്നു.

ബുധനാഴ്ച നടന്ന ആഘോഷ പരിപാടിയില്‍ 35,000 പേര്‍ക്ക് പങ്കെടുക്കാവുന്ന സ്റ്റേഡിയത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. എന്നാല്‍, പുറത്ത് നടന്ന സംഭവം സംഘാടകരെ അറിയിച്ചതിനെത്തുടര്‍ന്ന് അത് വെറും 20 മിനിറ്റായി ചുരുക്കി.

കോച്ച് ആന്‍ഡി ഫ്‌ളെവര്‍, മെന്റര്‍ ദിനേശ് കാര്‍ത്തിക് എന്നിവരുള്‍പ്പെടെ എല്ലാ ആര്‍സിബി കളിക്കാരും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. വിരാട് കോലി, എബി ഡിവില്ലിയേഴ്സ് തുടങ്ങിയ പ്രമുഖര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

YouTube video player