ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാവാനുള്ള അഭിമുഖത്തില്‍ രവി ശാസ്ത്രിക്ക് പിന്നില്‍ രണ്ടാമതെത്തിയ മുന്‍ ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക് ഹെസ്സണ്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറാവും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ പരിശീലകനായിരുന്ന മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ചിനെ ടീമിന്റെ മുഖ്യ പരിശീലകനായും ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് നിയമിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ടീമിന്റെ നയങ്ങള്‍ രൂപീകരിക്കുന്നതിലും തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും ഹെസ്സണ് നിര്‍ണായക പങ്കുണ്ടാവും. കളിക്കാര്‍ക്കൊപ്പവും ടീം മാനേജ്മെന്റുമായി ചേര്‍ന്നും ഹെസ്സണ്‍ പ്രവര്‍ത്തിക്കും. ആദ്യമായാണ് ബംഗലൂരു ടീമില്‍ ഇങ്ങനെ ഒരു പദവി സൃഷ്ടിക്കുന്നത്. ന്യൂസിലന്‍ട് ക്രിക്കറ്റ് ടീം പരിശീലകനെന്ന നിലയില്‍ 2015ലെ ലോകകപ്പില്‍ അവരെ ഫൈനലിലെത്തിക്കാന്‍ ഹെസ്സണ് കഴിഞ്ഞിരുന്നു. 2018ലാണ് ഹെസ്സണ്ഡ കിവീസിന്റെ പരിശീലകസ്ഥാനം രാജിവെച്ചത്.

പുതിയ പരിശീലകസംഘത്തെ തെരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ഗാരി കിര്‍സ്റ്റണും ബൗളിംഗ് പരിശീലകനായിരുന്ന ആശിഷ് നെഹ്റയും അടുത്ത സീസണില്‍ ടീമിനൊപ്പമുണ്ടാവില്ലെന്നും ഇതോടെ ഉറപ്പായി.