കട്ടക്ക്: കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ താരലേലം അവസാനിച്ചത്. ലേലത്തില്‍ മോശമല്ലാത്ത പ്രകടനമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേത്. എട്ട് താരങ്ങളെ ലേലത്തിലൂടെ ആര്‍സിബി സ്വന്തമാക്കി. ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ല ആര്‍സിബി ഇത്തവണ ഒരുങ്ങിത്തന്നെയാണ് ഇറങ്ങിയിട്ടുള്ളത്. ഇപ്പോള്‍ ഇത്തവമത്തെ ലേലത്തെ കുറിച്ച് ഔദ്യോഗികമായി സംസാരിച്ചിരിക്കുകയാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി.

പുതുതായി ടീമിലെത്തിയ താരങ്ങളുടെ കാര്യത്തില്‍ തൃപ്തനാണെന്നാണ് കോലി പറയുന്നത്. അദ്ദേഹം തുടര്‍ന്നു.... '' ഐപിഎല്‍ ലേലത്തിലൂടെ ടീമിലെത്തിയ താരങ്ങളില്‍ താന്‍ തൃപ്തനാണ്. പുതിയ സീസണിനായി മികച്ച താരങ്ങളെയാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്. ലേലത്തിന് മുന്‍പ് ടീം മാനേജ്‌മെന്റുമായി ഏതൊക്കെ താരങ്ങള്‍ വേണമെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു.'' കോലി പറഞ്ഞുനിര്‍ത്തി. 

ക്രിസ് മോറിസ്, ആരോണ്‍ ഫിഞ്ച്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവരുള്‍പ്പടെ എട്ട് താരങ്ങളെയാണ് ബാംഗ്ലൂര്‍ ഇത്തവണ ടീമിലെത്തിച്ചത്. കഴിഞ്ഞ 12 സീസണിലും കിരീടം നേടാനാവാത്ത ടീമാണ് ബാംഗ്ലൂര്‍. 2009ലും 2011നും ഫൈനലില്‍ എത്തിയതാണ് കോലിയുടെയും സംഘത്തിന്റെയും മികച്ച നേട്ടം.