Asianet News MalayalamAsianet News Malayalam

IPL 2022 : ബെയ്‌ര്‍സ്റ്റോയുടെയും ലിവിംഗ്‌സ്റ്റണിന്‍റേയും അടിവാങ്ങി തളര്‍ന്നു; ഇരട്ട നാണക്കേടുമായി ഹേസല്‍വുഡ്

ജോണി ബെയര്‍സ്റ്റോയും ലയാം ലിവിംഗ്‌സ്റ്റണും ഹേസല്‍വുഡിനെ നോക്കിവെച്ച് ആക്രമിക്കുകയായിരുന്നു

RCB pacer Josh Hazlewood Registers Unwanted IPL 2022 Record against Punjab Kings
Author
Mumbai, First Published May 14, 2022, 12:20 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) പഞ്ചാബ് കിംഗ്‌സിന്‍റെ(Punjab Kings) റണ്ണൊഴുക്ക് തടയാനാകാതെ പോയ മത്സരത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) പേസര്‍ ജോഷ് ഹേസല്‍വുഡ്(Josh Hazlewood). ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ നാല് ഓവറുമായി ഹേസല്‍വുഡ് നാണംകെടുകയായിരുന്നു. വിക്കറ്റൊന്നും നേടാനുമായില്ല. 

ജോണി ബെയര്‍സ്റ്റോയും ലയാം ലിവിംഗ്‌സ്റ്റണും ഹേസല്‍വുഡിനെ നോക്കിവെച്ച് ആക്രമിക്കുകയായിരുന്നു. ആദ്യ ഓവറില്‍ 22ഉം അവസാന ഓവറില്‍ 24ഉം റണ്‍സ് ഹേസല്‍വുഡ് വിട്ടുകൊടുത്തു. ഹേസല്‍വുഡിന് മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ മാര്‍ക്കോ ജാന്‍സനായിരുന്നു ഈ സീസണ്‍ ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. നാല് ഓവറില്‍ 63 റണ്‍സ് ജാന്‍സന്‍ വിട്ടുകൊടുക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ആര്‍സിബി താരത്തിന്‍റെ ഏറ്റവും മോശം സ്‌പെല്‍ കൂടിയാണ് ഹേസല്‍വുഡ് എറിഞ്ഞത്. 2016ലെ ഫൈനലില്‍ ഹൈദരാബാദിനോട് 61 റണ്‍സ് വഴങ്ങിയ ഷെയ്‌ന്‍ വാട്‌സണിന്‍റെ പേരിലായിരുന്നു നാണക്കേടിന്‍റെ മുന്‍ റെക്കോര്‍ഡ്. 

മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് 54 റണ്‍സിന്‍റെ ഉഗ്രന്‍ ജയം സ്വന്തമാക്കി. ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്ക് പിന്നാലെ ലയാം ലിവിംഗ്‌സ്റ്റണും ആഞ്ഞടിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 209 റണ്‍സെടുത്തു. ബെയ്‌ര്‍‌സ്റ്റോ 29 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 66 റണ്‍സ് നേടി. ലിവിംഗ്‌സ്റ്റണ്‍ 42 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 70 റണ്‍സും. ശിഖര്‍ ധവാന്‍ 21 ഉം നായകന്‍ മായങ്ക് അഗര്‍വാള്‍ 19 ഉം റണ്‍സെടുത്ത് മടങ്ങി. 4 ഓവറില്‍ 34 റണ്‍സിന് നാല് പേരെ മടക്കിയ ഹര്‍ഷല്‍ പട്ടേലും 15 റണ്‍സിന് രണ്ട് വിക്കറ്റുമായി വനിന്ദു ഹസരങ്കയും തിളങ്ങി. 

മറുപടി ബാറ്റിംഗില്‍ ആര്‍സിബിയുടെ പോരാട്ടം 155-9 എന്ന നിലയില്‍ 20 ഓവറില്‍ അവസാനിച്ചു. 22 പന്തില്‍ 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടോപ് സ്‌കോറര്‍. നായകന്‍ ഫാഫ് ഡുപ്ലസിസ് 10ഉം വിരാട് കോലി 20 ഉം റണ്‍സെടുത്ത് പുറത്തായി. കാഗിസോ റബാഡ മൂന്നും റിഷി ധവാനും രാഹുല്‍ ചാഹറും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. 

IPL 2022 : ലസിത് മലിംഗയെയും ഉമര്‍ ഗുല്ലിനേയും മറികടന്നു; നാഴികക്കല്ലുമായി കാഗിസോ റബാഡ

Follow Us:
Download App:
  • android
  • ios