ബംഗളൂരു: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലന ക്യാംപ് നീട്ടിവച്ചു. ഈ മാസം 21ന് ബംഗളുരുവില്‍ ക്യാംപ് തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കളിക്കാരുടെയും പരിശീലകരുടെയും ആരാധകരുടെയും സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് ക്യാംപ് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുന്നതായി ആര്‍സിബി 
ട്വിറ്ററിലൂടെ അറിയിച്ചു. 

എല്ലാ താരങ്ങളെയും ഒന്നിച്ച് ഒരുസ്ഥലത്ത് ഇപ്പോള്‍ കൊണ്ടുവരുന്നത് ഉചിതമാകില്ലെന്നും എല്ലാവരുമായും വ്യക്തിപരമായ നിലയില്‍ ആശവിനിമയം നടത്തുന്നുണ്ടെന്നും ആര്‍സിബി പരിശീലകന്‍ മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍. നേരത്തെ ഐപിഎല്‍ ഏപ്രില്‍ 15 വരെ മാറ്റിവച്ചിരുന്നു.

നേരത്തെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപും മാറ്റിവച്ചിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ ധോണി, വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങള്‍ നാട്ടിലേക്ക് തിരിച്ചിരുന്നു.