ഫൈനലിൽ ഗുജറാത്ത് ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിക്കറ്റ് വീണതിന് പിന്നാലെ ടിം ഡേവിഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിയുകയായിരുന്നു.

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി സൂപ്പർ താരം ടിം ഡേവിഡിന് വിലക്ക്. ഫൈനൽ മത്സരത്തിനിടെ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ പ്രകോപിതനായി ഐസ് ബാഗ് എറിഞ്ഞതിനാണ് ഓസ്ട്രേലിയൻ താരത്തിന് ഐപിഎൽ ഒരു മത്സരത്തിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. വിലക്കിന് പുറമെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായും താരം ഒടുക്കണം. ഇതോടെ അടുത്ത വർഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ആർസിബിക്ക് ടിം ഡേവിഡിന്‍റെ സേവനം ലഭ്യമാകില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫൈനലിൽ ഗുജറാത്ത് ഇന്നിങ്സിന്‍റെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിക്കറ്റ് വീണതിന് പിന്നാലെ ടിം ഡേവിഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിയുകയായിരുന്നു. മത്സരത്തിനിടയിൽ പന്തോ, വാട്ടർ ബോട്ടിലോ, മറ്റ് ഉപകരണങ്ങളോ കളിക്കാർക്കോ ഒഫീഷ്യലുകൾക്കോ നേരെ അപകടകരമായ രീതിയിൽ എറിയുന്നത് തടയുന്ന ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 (ആർട്ടിക്കിൾ 2.9) ലംഘനമാണ് ടിം ഡേവിഡ് നടത്തിയത്. മാച്ച് റഫറി ജവഗൽ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികൾ താരം അംഗീകരിച്ചു. മത്സരത്തിനൊടുവില്‍ ആഘോഷങ്ങള്‍ക്കിടെ ടിം ഡേവിഡ് ഐസ് പെട്ടി കോച്ച് ആന്‍ഡി ഫ്ലവറിന്‍റെ തലയിലൂടെ കമിഴ്ത്തിയിരുന്നു.

ഈ സീസണിൽ ടിം ഡേവിഡ് നടത്തുന്ന മൂന്നാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. നേരത്തെ ടൂർണമെന്‍റിലെ 20-ാം മത്സരത്തിലും 54-ാം മത്സരത്തിലും താരം അച്ചടക്കലംഘനത്തിന് ഡിമെറിറ്റ് പോയിന്‍റുകൾ വാങ്ങിയിരുന്നു. ഫൈനലിലെ മോശം പെരുമാറ്റത്തിലൂടെ 2 ഡി മെറിറ്റ് പോയിന്റ് കൂടി ലഭിച്ചതോടെ ഈ സീസണിൽ താരത്തിന്‍റെ ആകെ ഡിമെറിറ്റ് പോയിന്‍റ് അഞ്ചായി ഉയർന്നു. ഐപിഎൽ നിയമപ്രകാരം 5 ഡിമെറിറ്റ് പോയിന്‍റുകൾ ആവുന്ന കളിക്കാരന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് വരും.

Scroll to load tweet…

ഫൈനലിൽ വിരാട് കോലിക്കൊപ്പം ആർസിബിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചതിൽ ടിം ഡേവിഡ് നിർണ്ണായക പങ്കുവഹിച്ചിരുന്നു. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബി 91 റൺസിന് 4 വിക്കറ്റ് നഷ്ടമായി പതറിയപ്പോഴാണ് ഡേവിഡ് ക്രീസിലെത്തിയത്. 17 പന്തിൽ 3 ഫോറും ഒരു സിക്സറുമടക്കം 24 റൺസാണ് അടിച്ച ഡേവിഡ് കോലിക്കൊപ്പം 41 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും, ഗ്രൗണ്ടിലെ മോശം പെരുമാറ്റം വലിയ തിരിച്ചടിയായി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക