ജാമി ഓവര്‍ടണ്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 30 റണ്‍സടിച്ച ടിം ഡേവിഡ് ചെന്നൈക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു.
ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ബൗളര്‍മാരും ആരാധകരും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന്. സിഎസ്കെ ബൗളർമാരെ ആര്‍സിബി ബാറ്റര്‍മാര്‍ നിലംതൊടീക്കാതെ പറത്തിയതോടെ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. 19 വര്‍ഷത്തെ(ഏകദേശം 6561 ദിവസങ്ങൾ) ഐപിഎല്‍ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഒരു മത്സരത്തിൽ 250 റൺസ് വഴങ്ങുന്നത്. 2014ൽ പഞ്ചാബ് കിംഗ്സും 2024ൽ ഗുജറാത്ത് ടൈറ്റന്‍സും 231 റണ്‍സ് വീതം നേടിയതായിരുന്നു ഇതിന് മുമ്പ് ചെന്നൈക്കെതിരെ എതിരാളികള്‍ നേടിയ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.
ചെന്നൈക്കെതിരെ പതിനെട്ട് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 207 റണ്‍സായിരുന്നു ആര്‍സിബിയുടെ സ്കോര്‍. എന്നാല്‍ ജാമി ഓവര്‍ടണ്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 30 റണ്‍സടിച്ച ടിം ഡേവിഡ് ചെന്നൈക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ ബൗള്‍ഡായി പുറത്തായ ഡേവിഡ് നോ ബോളിന്‍റെ ആനുകൂല്യത്തില്‍ തിരിച്ചെത്തിയാണ് തകര്‍ത്തടിച്ചത്.
അന്‍ഷുല്‍ കാംബോജ് എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് കൂടി നേടി ആര്‍സിബി സ്കോര്‍ 250ല്‍ എത്തിച്ചു. അവസാന രണ്ടോവറില്‍ മാത്രം 43 റണ്‍സടിച്ച ആര്‍സിബി അവസാന അഞ്ചോവറില്‍ മാത്രം 97 റണ്‍സാണ് അടിച്ചെടുത്തത്. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ 153 റണ്‍സ് മാത്രമായിരുന്നു ആര്‍സിബി സ്കോര്‍. നേരിട്ട ആദ്യ ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ടിം ഡേവിഡ് ഏഴാം പന്തിലാണ് ആദ്യ സിക്സ് അടിച്ചത്. പിന്നീട് തുടര്‍ച്ചയായി രണ്ട് സിക്സ് കൂടി പറത്തി ഗിയര്‍ മാറ്റിയ ഡേവിഡ് 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 25 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡിനൊപ്പം രജത് പാട്ടീദാര്‍ 19 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ 50 റണ്‍സും ഫില്‍ സാള്‍ട്ട് 30 പന്തില്‍ 46 റണ്‍സും വിരാട് കോലി 18 പന്തില്‍ 28 റണ്‍സുമെടുത്തു.
