എന്നാല്‍ അടുത്തിടെ പരിക്കും ഫോമിലില്ലായ്മയും താരത്തെ വലച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തീര്‍ത്തും നിറംമങ്ങിയ താരത്തിന് പന്തെറിയാന്‍ പോലും സാധിച്ചില്ല.
മുംബൈ: ഐപിഎല്‍ കരിയറിന്റെ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ (Mumbai Indians) താരമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya). കിരീടനേട്ടങ്ങില്‍ ഹാര്‍ദിക് വലിയ പങ്കുവഹിച്ചു. എന്നാല്‍ അടുത്തിടെ പരിക്കും ഫോമിലില്ലായ്മയും താരത്തെ വലച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തീര്‍ത്തും നിറംമങ്ങിയ താരത്തിന് പന്തെറിയാന്‍ പോലും സാധിച്ചില്ല. ഇതോടെ ഈ സീസണിലെ മെഗാ താരലേലത്തിന് മുമ്പ് മുംബൈ താരത്തെ ഒഴിവാക്കി. നിലവില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ് ഹാര്‍ദിക്.
എന്നാല്‍ മുംബൈ നിലനിര്‍ത്താത്തതിനില്‍ പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സ്‌പോര്‍ട്‌സ് ടോക്ക് ചാനലിന്റെ യുട്യൂബ് ചര്‍ച്ചയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് ഇക്കാര്യം പുറത്തുവിട്ടത്. മുംബൈയുടെ ക്യാപ്റ്റനാവാന്‍ ഹാര്‍ദിക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനാകാന്‍ ഹാര്‍ദിക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം ഫ്രാഞ്ചൈസിയെ അറിയിക്കുകയും ചെയ്തു.'' ഇതോടെ മുംബൈ ഓള്‍റൗണ്ടറെ കൈവിടുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ഹാര്‍ദിക് മുംബൈയുടെ ക്യാപ്റ്റനാവാന്‍ ആഗ്രഹിച്ചുവെന്നുള്ള വാര്‍ത്ത ആരാധകരേയും അസ്വസ്ഥരാക്കി. മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച രോഹിത് ശര്‍മ ടീമിലുള്ളപ്പോള്‍ ഹാര്‍ദിക് അങ്ങനെ ആഗ്രഹിക്കരുതായിരുന്നുവെന്നാണ് ആരാധകരുടെ പക്ഷം. മാത്രമല്ല, ഹാര്‍ദിക്കിനെ പോവാന്‍ അനുവദിച്ചത് നന്നായെന്നും മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ട്വീറ്റ് ചെയ്തു.
അഹമ്മദാബാദിന്റെ നായക സ്ഥാനം ലഭിച്ചതില്‍ ആവേശഭരിതനാണു താനെന്നും ഹാര്‍ദിക് മുന്‍പു പ്രതികരിച്ചിരുന്നു. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് ഹാര്‍ദിക് ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം രഞ്ജി ട്രോഫിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.
