മുംബൈ: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് റദ്ദാക്കിയതായി സൂചന. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാന്‍ കഴിഞ്ഞദിവസം തീരുമാനമായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് നടക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെ ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ നിശ്ചയിച്ച കാര്യം എട്ട് ഫ്രാഞ്ചൈസികളേയും അറിയിച്ചിരുന്നു. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാല്‍ ടൂര്‍ണമെന്റ് എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നോ അല്ലെങ്കില്‍ പുതിയ തിയ്യതിയോ ബിസിസിഐ അറിയിച്ചിരുന്നില്ല. മാര്‍ച്ച് 29 മുതല്‍ മെയ് 24 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഏപ്രില്‍ 15േേലക്ക് മാറ്റിയിരുന്നു. എന്നാല്‍ ആ സമയത്തും തുടങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഐപിഎല്‍ റദ്ദാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ഐപിഎല്ലിനെ കുറിച്ച് ഇനി ചിന്തിക്കേണ്ടില്ലെന്ന് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മല്‍സരവും നടത്താന്‍ സാധിക്കുന്ന അവസ്ഥയല്ലയുള്ളത്. പുരോഗതി ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.