ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് സെമി പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടോ?; സെമി മഴ മുടക്കിയാല്‍ ഫൈനലില്‍ ആരെത്തും
ആദ്യ ഇന്നിംഗ്സിനുശേഷമാണ് മഴപെയ്യുന്നതെങ്കില്‍ രണ്ടാമത് ബാറ്റുചെയുന്ന ടീം കുറഞ്ഞത് 20 ഓവറെങ്കിലും കളിച്ചാലെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിക്കാനാകു.

മുംബൈ: ലോകകപ്പില്‍ റൗണ്ട് റോബിന്‍ ലീഗ് പോരാട്ടങ്ങള്‍ അവസാനിച്ചു. ഇനി നോക്കൗട്ട് പോരാട്ടങ്ങളുടെ സമയമാണ്. തോറ്റാല്‍ തിരിച്ചുവരാന്‍ ഇനി അവസരമില്ല. ഇന്ത്യയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് നാളെയും മറ്റന്നാളുമായി നടക്കുന്ന സെമിയില്‍ ഏറ്റുമുട്ടുന്നത്. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാമത് എത്തിയ ഇന്ത്യയും നാലാമത് എത്തിയ ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ ലീഗ് ഘട്ടത്തില്‍ രണ്ടാമത് എത്തിയ ദക്ഷിണാഫ്രിക്കയും മൂന്നാമത് എത്തിയ ഓസ്ട്രേലിയയുമാണ് മത്സരിക്കുക.
സെമിക്കും ഫൈനലിനും റിസര്‍വ് ദിനം
നാളെയും മറ്റന്നാളും നടക്കുന്ന സെമി ഫൈനലിന് ഐസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. മഴമൂലം മത്സരം മുടങ്ങിയാല്‍ നിര്‍ത്തിയേടുത്തു നിന്ന് അടുത്ത ദിവസം മത്സരം പുനരാരംഭിക്കും. ആദ്യ ദിവസം അവസാന പന്തില്‍ സ്കോര്‍ എത്ര ആയിരുന്നോ അവിടെ നിന്നായിരിക്കും റിസര്‍വ് ദിനത്തില്‍ കളി തുടങ്ങുക. എന്നാൽ ആദ്യ ദിവസം തന്നെ വിജയിയെ കണ്ടെത്താൻ അംപയര്‍മാര്‍ ശ്രമിക്കണമെന്നാണ് ഐസിസി ചട്ടം.
ആദ്യ ഇന്നിംഗ്സിനുശേഷമാണ് മഴപെയ്യുന്നതെങ്കില്‍ രണ്ടാമത് ബാറ്റുചെയുന്ന ടീം കുറഞ്ഞത് 20 ഓവറെങ്കിലും കളിച്ചാലെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ നിശ്ചയിക്കാനാകു. ആദ്യ ഇന്നിംഗ്സ് മുതല്‍ മത്സരം മഴ മുടക്കിയാല്‍ ഓവറുകള്‍ വെട്ടിക്കുറച്ച് ആദ്യ ദിവസം തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് അമ്പയര്‍മാര്‍ നോക്കും. ഇതിനായില്ലെങ്കില്‍ മാത്രമെ മത്സരം രണ്ടാം ദിനത്തിലേക്ക് നീളുകയുള്ളു. ആദ്യദിവസം മത്സരം അവസാനിക്കേണ്ട നിശ്ചിത സമയത്തിനുശേഷം പരമാവധി 2 മണിക്കൂര്‍ ആണ് എക്സ്ട്രാ ടൈമായി അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളില്‍ മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിനത്തിലേക്ക് കളി നീളും.
സെമി ഫൈനല്‍ പൂര്‍ത്തിയായില്ലെങ്കില്‍ ആര് ഫൈനലിലെത്തും
സെമിയുടെ ആദ്യ ദിവസവും റിസര്‍വ് ദിനത്തിലും മഴ കാരണം കളി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ , ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തിയ 2 ടീമുകൾ ഫൈനലില്‍ കളിക്കും. അതായത് ഒന്നാം സെമിയിൽ നിന്ന് ഇന്ത്യയും രണ്ടാം സെമിയിൽ നിന്ന് ദക്ഷിണാഫ്രിക്കയുമാകും അത്തരമൊരു സാഹചര്യത്തിൽ ഫൈനല്‍ കളിക്കുക. ഇനി ഫൈനലിലും മഴ കാരണം റിസര്‍വ് ദിനത്തില്‍ പോലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അവിടെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനമൊന്നും പരിഗണിക്കില്ല. ഇരുടീമുകളെയും സംയുക്തജേതാക്കളായി പ്രഖ്യാപിക്കും. ലോകകിരീടം പങ്കിടുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക