ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്

മുംബൈ: ടി20 ലോകകപ്പ്(T20 World Cup 2022) സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍(Indian National Cricket Team) പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. പ്രത്യേകിച്ച് സഞ്ജു സാംസണ്‍(Sanju Samson) അടക്കമുള്ള താരങ്ങള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വാശിയോടെ മത്സരിക്കുന്നു. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് സഞ്ജുവിന് പുറമെ ടീമിലെത്താന്‍ മത്സരിക്കുന്ന മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ നിന്ന് ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). 

'ഏകദിന മത്സരങ്ങളില്‍ റിഷഭ് പന്ത് എത്രത്തോളം മികച്ച താരമാണ് എന്ന് നാം കണ്ടതാണ്. ടി20 ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ മികവ് എനിക്ക് നേരിട്ടറിയാം. ദിനേശ് കാര്‍ത്തിക്കിന്‍റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണ് കഴിഞ്ഞുപോയത്. റിഷഭ് പന്ത് മൂന്നോ നാലോ ഓവര്‍ ബാറ്റ് ചെയ്യുന്നതും അതിന് ശേഷം ഡികെയോ ഹാര്‍ദിക് പാണ്ഡ്യയോ വരുന്നതുമായ ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് വളരെ അപകടകാരിയാണ്. നിലവിലെ ഫോം വച്ച് സൂര്യകുമാറിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയില്ല. ഏറെ പ്രതിഭകളുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഇലവനെ തെരഞ്ഞെടുക്കുക പ്രയാസമാണ്. ഇഷാന്‍ കിഷനെ മറികടന്ന് റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനേയുമാണ് ഞാന്‍ ലോകകപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുക്കുക' എന്നും പോണ്ടിംഗ് ഐസിസി റിവ്യൂ ഷോയില്‍ പറഞ്ഞു. 

ലോകകപ്പില്‍ കളിക്കുമോ സഞ്ജു?

അതേസമയം അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സ‍ഞ്ജു സാംസണ്‍ ടി20 ലോകകപ്പ് ടീമിലുണ്ടാകുമോ എന്നുറപ്പില്ല. വിന്‍ഡീസ് പര്യടനത്തിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്‍റെ പേരുണ്ടായിരുന്നില്ല. ഏകദിന ടീമിലുള്‍പ്പെട്ട സഞ്ജുവിനെ ടി20യില്‍ നിന്ന് തഴഞ്ഞപ്പോള്‍ മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ടീമിലുണ്ട്. അയര്‍ലന്‍ഡിനെതിരെ 77 റണ്‍സ് നേടിയ ഇന്നിംഗ്സിനുശേഷം സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. വീണ്ടും വീണ്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിലൂടെ ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ബിസിസിഐയുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്നാണ് അനുമാനം. 

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍(ഫിറ്റ്‌നസ് നിര്‍ണായകം), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്(ഫിറ്റ്‌നസ് നിര്‍ണായകം), ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സിംബാബ്‌വേ പര്യടനം: ടീം ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ്മയല്ല, കെ എല്‍ രാഹുല്‍- റിപ്പോര്‍ട്ട്