അമേരിക്കയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ട്രാവിസ് ഭയമില്ലാതെ ബൗളര്‍മാരെ നേരിടുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരത്തെയും വിക്കറ്റ് നേടുന്ന ബൗളറെയും പ്രവചിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിംഗ്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകുമെന്നാണ് പോണ്ടിംഗിന്റെ പ്രവചനം. കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി പോണ്ടിംഗ് തെരഞ്ഞെടുത്തത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ. രണ്ട് വര്‍മായി റെഡ് ബോള്‍ ക്രിക്കറ്റായാലും വൈറ്റ് ബോള്‍ ക്രിക്കറ്റായാലും ട്രാവിസ് ഹെഡ് വലിയ നിലവാരമാണ് പുലര്‍ത്തിയതെന്ന് പോണ്ടിംഗ് പറഞ്ഞു. 

അമേരിക്കയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ട്രാവിസ് ഭയമില്ലാതെ ബൗളര്‍മാരെ നേരിടുമെന്നും പോണ്ടിംഗ് വ്യക്തമാക്കി. ഐപിഎല്‍, ഏകദിന ലോകകപ്പുകളില്‍ വെടിക്കെട്ട് ഇന്നിംഗ്‌സുകളാണ് ട്രാവിസ് ഹെഡ് പുറത്തെടുത്തത്. വെസ്റ്റിന്‍ഡീസിലെയും അമേരിക്കയിലെയും പിച്ചുകളില്‍ ബുമ്രയ്ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നേടാനുള്ള അവസരമുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.

പോണ്ടിംഗ് വിശദീകരിക്കുന്നതിങ്ങനെ... ''ഐപിഎല്ലില്‍ വര്‍ഷങ്ങളായി മികവ് കാട്ടുന്ന താരമാണ് ബുമ്ര. ഈ സീസണ്‍ ഐപിഎല്ലിലും അയാളുടെ ബൗളിംഗ് ഏറെ മികച്ചതായിരുന്നു. സീസണ്‍ അവസാനിച്ചപ്പോള്‍ ബുമ്രയുടെ എക്കോണമി റേറ്റ് ഏഴിന് താഴെയായായിരുന്നു. ന്യൂബോളില്‍ എല്ലായിപ്പോഴും ബുമ്ര സ്വിംഗ് ചെയ്യിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ ബുമ്രയ്ക്ക് അവസരമുണ്ട്.'' പോണ്ടിംഗ് പ്രതികരിച്ചു.

അഭ്യൂഹങ്ങള്‍ക്ക് വിരാമം! വിരാട് കോലി അമേരിക്കയിലേക്ക് തിരിച്ചു; ബംഗ്ലാദേശിനെതിരെ കളിച്ചേക്കില്ല

അതേസമയം, ലോകകപ്പ് സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസിനാവട്ടെ വിന്‍ഡീസിന്റെ സ്‌കോര്‍ മറികടക്കാനായതുമില്ല. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുക്കാനാണ് ഓസീസിന് സാധിച്ചത്. വിന്‍ഡീസിന്റെ വിജയം 35 റണ്‍സിന്. പ്രധാന താരങ്ങളില്ലാതെയാണ് ഓസീസ് ഇറങ്ങിയയത്.